ഐസിസി പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടിക; ഇന്ത്യക്ക് വന്‍ കുതിപ്പ്, ഒൻപതിൽ നിന്നും അഞ്ചിലേക്ക്

ശ്രീലങ്കയ്‌ക്കെതിരേ നേടിയ ജയത്തോടെ ഐസിസിയുടെ പ്രഥമ ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യ.2023ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണ് സൂപ്പര്‍ ലീഗ്.
നേരത്തേ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ലങ്കക്ക് എതിരെയുള്ള മത്സരം പോയിന്റിൽ ഇന്ത്യയെ വന്‍ കുതിപ്പ് നടത്താന്‍ സഹായിച്ചു. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തിയിരിക്കുകയാണ്.
39 പോയിന്റുമായാണ് സൂപ്പര്‍ ലീഗില്‍ ഇന്ത്യ അഞ്ചാമതു നില്‍ക്കുന്നത്. ഏഴു ഏകദിനങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തിലാണ് പരാജയപ്പെട്ടത്. 39 പോയിന്റാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
പാകിസ്താനാണ് ഒരു പോയിന്റിന്റെ ലീഡുമായി ഇന്ത്യക്കു തൊട്ടുമുന്നിലുള്ളത്. 40 പോയിന്റ് തന്നെയുള്ള ഓസ്‌ട്രേലിയക്കാണ് മൂന്നാംസ്ഥാനം. നെറ്റ് റണ്‍റേറ്റിലാണ് ഓസീസ് പാകിസ്താനെ പിന്നിലാക്കിയത്. ലങ്കയ്‌ക്കെതിരായ അടുത്ത മല്‍സരവും മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ഓസീസ്, പാകിസ്താന്‍ എന്നിവരെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു കയറും.
നിലവിലെ ലോക ചാമ്പ്യൻമാര്‍ കൂടിയായ ഇംഗ്ലണ്ടും ബംഗ്ലാദേശുമാണ് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 15 ഏകദിനങ്ങളില്‍ ഇംഗ്ലണ്ട് ഇതിനകം കളിച്ചു കഴിഞ്ഞു. ഒൻപത് വിജയവും അഞ്ചു തോല്‍വിയുമടക്കം 95 പോയിന്റ് ഇംഗ്ലണ്ടിനുണ്ട്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. ബംഗ്ലാദേശാവട്ടെ 11 ഏകദിനങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തിലാണ് തോല്‍വിയേറ്റത്.
എന്നാല്‍ ശ്രീലങ്കയുടെ കാര്യം പരിതാപകരമാണ്. മുന്‍ ചാമ്പ്യന്മാർ കൂടിയായ അവര്‍ 12ാംസ്ഥാനത്തു തന്നെ തുടരുകയാണ്. 10 മല്‍സരങ്ങളില്‍ കളിച്ച ലങ്ക എട്ടിലും പരാജയപ്പെട്ടു. ഒരേയൊരു ജയം മാത്രമേ അവരുടെ അക്കൗണ്ടിലുള്ളൂ. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 13 ടീമുകളാണ് ലോകകപ്പ് സൂപ്പര്‍ ലീഗിലുള്ളത്.
പോയിന്റ് പട്ടികയില്‍ ആദ്യ ഏഴു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ഏഴു ടീമുകളാണ് 2023ലെ ലോകകപ്പിലേക്കു നേരിട്ടു യോഗ്യത നേടുക. ഇന്ത്യയെ സംബന്ധിച്ച് സൂപ്പര്‍ ലീഗിനു വലിയ പ്രാധാന്യമില്ല. കാരണം 2023ലെ ലോകകപ്പിനു വേദിയാവുന്നത് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here