Advertisement

ഇറച്ചിക്കോഴി വില സർവകാല റെക്കോർഡിലേക്ക്

July 20, 2021
Google News 1 minute Read
chicken price skyrocket

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. (chicken price skyrocket) 165 രൂപയെന്ന സർവകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്. നാളെ പെരുന്നാൾ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.

കഴിഞ്ഞ രണ്ടു ദിവസമായാണ് ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നത്. 100 രൂപയിൽ താഴെയായിരുന്ന വില കഴിഞ്ഞയാഴ്ച 130 രൂപയായി ഉയർന്നു. എന്നാൽ ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ വില കുതിച്ച് ഉയർന്ന് 165 ൽ എത്തുകയായിരുന്നു. കോഴി കച്ചവടക്കാർക്ക് കിലോയ്ക്ക് 140 രൂപയ്ക്കാണ് ഇറച്ചിക്കോഴി ലഭിക്കുന്നത്. ഇതിനൊപ്പം ലോഡിംഗ് കൂലിയും ലാഭവും ചേർന്ന് കച്ചവടക്കാർ വിൽക്കുന്നത് 165 രൂപയ്ക്ക്. വില ഉയർന്നതോടെ പലയിടത്തും കോഴിയിറച്ചി വാങ്ങാനാളില്ലാത്ത സ്ഥിതിയായി.

വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതാണ് ഇടനിലക്കാർ വില ക്രമാതീതമായി വർധിപ്പിക്കാൻ ഇടയാക്കിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നില്ല. മീനിന്റെ ദൗർലഭ്യം കൂടി മുതലെടുത്താണ് വിശേഷദിവസങ്ങളിൽ ഈ തട്ടിപ്പ് നടക്കുന്നത്. വില വർധിച്ചതോടെ ഹോട്ടലുകാരും പ്രതിസന്ധിയിലായി. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെപ്‌കോ വിലവർധിപ്പിച്ചിട്ടില്ല.

കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21നാണ്‌. മാസപ്പിറവി കാണാത്തതിനാലാണ് ദുൽഖഅ്ദ 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹജ് ഒന്നും അതനുസരിച്ച് പെരുന്നാൾ ജൂലൈ 21ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങൾ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

അതേസമയം, സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗൾട്രി വികസന കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാൽ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കർഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചാക്കിന് 80 രൂപയാണ് കേരള ഫീഡ്‌സ് കുറച്ചത്.ഇത് ഇറച്ചിക്കോഴി വിലയിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പൗൾട്രി ഫാമുകളിൽ വളർത്തുന്ന കോഴികളെ മിതമായ വിലയ്ക്കാണ് വിൽക്കുന്നത്. കിലോയ്ക്ക് 95 രൂപയിൽ തന്നെയാണ് വില നിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: chicken price skyrocket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here