Advertisement

അന്വേഷിച്ചത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കം; മന്ത്രി എ കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി

July 22, 2021
Google News 1 minute Read

കുണ്ടറ പീഡനക്കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കി. കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചത്. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്. അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കും. ഒരു തരത്തിലും മന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി.

മറുപടി-

അടിയന്തരപ്രമേയത്തില്‍ സൂചിപ്പിക്കുന്ന പരാതിക്കാരി 28.06.2021ല്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും എന്‍സിപി കൊല്ലം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു.

മുന്‍പ് ഫേസ്ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം മുന്‍പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുളള തന്റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാന്‍ നിന്നത് എന്നുപറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തല്‍ കയ്യില്‍ കയറി പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

No.1153/DPTN/2021 പ്രകാരം പരാതി രജിസ്റ്ററില്‍ പതിച്ച് കഅജട ചീ.77342/2021 ആയി രസീത് ഈ പരാതിക്ക് പൊലീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്മാകരന്‍ 30.06.2021 ല്‍ സ്റ്റേഷനിലെത്തി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനില്‍ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്.

1.07.2021 ല്‍ സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരിയോട് പരാതിയില്‍ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും വാട്‌സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ പരാതിയില്‍ 20.07.2021 ല്‍ ഐപിസി 354, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ക്രൈം.1176/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര ഉറപ്പുവരുത്തുന്നതുമാണ്.

ഇതിലെ പരാതിക്കാരി എന്‍.സി.പി. നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍.സി.പി.യുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

Story Highlights: pinarayi vijayan, a k saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here