Advertisement

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

July 22, 2021
Google News 1 minute Read
KTS Padannayil

മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് കെ.ടി.എസ് പടന്നയിൽ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ചത്.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കെ.ടി.സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.

പടന്നയിൽ 1947ൽ ഏഴാം ക്ലാസിൽ വച്ച് സാമ്പത്തിക പരാധീനതകൾ മൂലം പഠനം അവസാനിപ്പിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.1956ൽ ‘വിവാഹ ദല്ലാൾ’ എന്നതായിരുന്നു ആദ്യ നാടകം. 1957ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ കേരളപ്പിറവി എന്ന നാടകം അവതരിപ്പിച്ചു.

ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.

സിനിമയിൽ ശ്രദ്ധേയനായിരുന്നിട്ട് കൂടി ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. വാർധക്യകാലത്തും തൃപ്പൂണിത്തുറയിലെ മുറുക്കാൻ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു ജീവിതം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, ജീവിത ക്ലേശങ്ങൾക്കിടയിലും കെ.ടി.എസ് പടന്നയിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ആ ചിരി തന്നെയാണ് മലയാളികളുടെ ഉള്ളിലെ ഇനിയുള്ള ഓർമയും…..

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here