ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി; ആസ്ട്രേലിയയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ആസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരങ്ങള്‍ വിജയിച്ചാണ് ഇരു ടീമുകളും രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ആറാം മിനിറ്റില്‍ ആസ്ട്രേലിയയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടര്‍ 1-0 എന്ന സ്കോറില്‍ അവസാനിച്ചു.
ശേഷം ആസ്ട്രേലിയ വീണ്ടും തുടര്‍ച്ചയായി മൂന്ന് തവണ ഇന്ത്യന്‍ വല കുലുക്കി. ഒടുവില്‍ ദില്‍പ്രീത് സിങിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. സ്കോര്‍ 4-1 പക്ഷെ, ഇന്ത്യയുടെ സ്കോറിങ് ആ ഒരു ഗോളില്‍ അവസാനിച്ചപ്പോള്‍ ആസ്ട്രേലിയ വീണ്ടും മൂന്ന് തവണ സ്കോര്‍ ചെയ്തു. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 7-1 എന്ന വലിയ മാര്‍ജിനില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
അതേസമയം പുരുഷ ഫുട്ബോളിൽ ആഫ്രിക്കന്‍ കരുത്തരായ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അര്‍ജന്‍റീന ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. 52ാം മിനിറ്റില്‍ ഫെക്കുണ്ടോ മെദിന നേടിയ ഗോളാണ് അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്. ഇരുടീമുകളും മത്സരത്തില്‍ തുല്യനിലയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയോട് പരാജയപ്പെട്ട അര്‍ജന്‍റീനക്ക് ജയം ആശ്വാസമായി. സ്പെയിനുമായാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം.
കടുത്ത പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വെല്ലുവിളി ഫ്രാന്‍സ് മറികടന്നു. ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് ഫ്രാന്‍സ് ജയം സ്വന്തമാക്കിയത്. 86 മിനിറ്റുവരെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്ക മുന്നിലായിരുന്നെങ്കിലും 86ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രേ പിയേര്‍ ഫ്രഞ്ചുപടയെ ഒപ്പമെത്തിച്ചു. 92ാം മിനിറ്റില്‍ തെജി സവാനിയറുടെ ഇടം കാലന്‍ ഷോട്ട് ദക്ഷിണാഫ്രിക്കന്‍ വലകുലുക്കിയതോടെയാണ് ഫ്രഞ്ചുപട വിജയം സ്വന്തമാക്കിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here