കൊവിഡിന്റെ മറവിൽ വൻ കൊള്ള ; കൈയുറ വാങ്ങിയതിൽ നഷ്ടം 5.15 കോടി; ട്വന്‍റിഫോര്‍ എക്സ്ക്ലൂസീവ്

കൊവിഡിന് മറവിൽ മെഡിക്കൽ സർവീസ് കോർപറേഷൻ നടത്തിയ തീവെട്ടിക്കൊള്ളയുടെ രേഖകൾ പുറത്ത്. കൊവിഡ് പ്രിതരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി കൈയുറകൾ വാങ്ങിയത് സംസ്ഥാന സർക്കാർ നിശ്ചയിച്ച പരമാവധി വിലയിൽ നിന്ന് അഞ്ച് രൂപയിലധികം നൽകി. നിശ്ചിത ഗുണമേന്മയോ മാനദണ്ഡങ്ങളോ പാലിക്കാതെ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ട്.
ഏപ്രിൽ മാസത്തിലാണ് സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധ വസ്തുക്കൾ വാങ്ങുന്നതിനുള്ള പരമാവധി തുക നിർദേശിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇത് പ്രകാരം കൈയുറയ്ക്ക് 5.75 രൂപയാണ്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് കണ്ട് ഒരു മാസത്തിന് ശേഷം വില വർധിപ്പിക്കുകയും ചെയ്തു. 7 രൂപയാണ് പുതുക്കിയ വില. ഇതിന് ശേഷമാണ് 12.15 രൂപയ്ക്ക് ഒരു കോടി കൈയുറകൾ കേരളത്തിലേക്ക് ഇറക്കിയത്. ഇതിലൂടെ മാത്രം സംസ്ഥാനത്തിന് 5.15 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
കൊവിഡ് നിയന്ത്രണത്തിന് വേണ്ടിയുള്ള എക്‌സാമിനേഷൻ ഗ്ലൗസുകളാണ് ഇത്. ഇത് ആരോഗ്യ പ്രവർത്തകർക്ക് കൈമാറാൻ വാങ്ങിയതാണ്. നേരത്തെ 50 ലക്ഷം കൈയുറകൾ കൊല്ലം ജില്ലയിലേക്ക് കൈയുറകൾ വാങ്ങിയത് 7 രൂപ നൽകിയായിരുന്നു.
അഞ്ച് ലക്ഷം കൈയുറകൾ വാങ്ങുന്നതിന് വേണ്ടിയുള്ള രണ്ട് ഇൻവോയ്‌സിന്റെ മറവിലാണ് പിന്നീട് 90 ലക്ഷം കൈയുറകൾ ഇറക്കുമതി ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്ന പൊതു മാനദണ്ഡത്തിന് വിപരീതമാണ് കൈയുറകളുടെ ഗുണമേന്മ. 5 മില്‍ ഗ്ലൗസുകൾക്ക് പകരം 3.2 മില്‍ ഗ്ലൗസുകളാണ് വാങ്ങിയിരിക്കുന്നത്.
ഇത്തരം ഗുണനിലവാരമില്ലാത്ത ഗ്ലൗസുകൾ ആരോഗ്യ പ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ഡോ.പത്മനാഭ ഷേണായി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Kerala gloves scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here