മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം

ടോക്യോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം. മണിപ്പൂർ സർക്കാരിൻ്റേതാണ് തീരുമാനം. വാർത്താകുറിപ്പിലൂടെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ ആയിരുന്നു ചാനു. കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി മീരാബായ്ക്ക് ഉറപ്പുനൽകിയിരുന്നു. ( Mirabai Chanu Additional Superintendent )
ഇതോടൊപ്പം താരത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകാനും മണിപ്പൂർ സർക്കാർ തീരുമാനിച്ചു. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളിമെഡൽ നേടിയത്.
അതേസമയം, മീരാബായ് ചാനുവിൻ്റെ മെഡൽ സ്വർണം ആവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കും. പരിശോധനയിൽ പരാജയപ്പെട്ടാൽ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും.
നാട്ടിലേക്ക് തിരികെ പോകരുതെന്ന് ഷിഹൂയി ഹൗവിനോട് ഒളിമ്പിക്സ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക്സ് റെക്കോർഡ് ആയ 210 കിലോഗ്രാം ഉയർത്തിയാണ് താരം സ്വർണം നേടിയത്. 202 കിലോയാണ് ചാനു ഉയർത്തിയത്.
Read Also: ടോക്യോ ഒളിമ്പിക്സ്: മീരാബായ് ചാനുവിന്റെ വെള്ളിമെഡൽ സ്വർണം ആവാൻ സാധ്യത
മെഡൽ നേടി നാട്ടിൽ തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം ലഭിച്ചു. ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാരാണ് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യൻ താരത്തിനു സ്വീകരണം നൽകിയത്. നാട്ടിലെത്തിയെന്ന് ചാനു തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ ഒരേയൊരു മെഡൽ ജേതാവാണ് മീരാബായ് ചാനു. 2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 5 വർഷങ്ങൾക്കിപ്പുറം വെള്ളിമെഡൽ സ്വന്തമാക്കി മടങ്ങിയത്. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യമാണ്. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്‌നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
Story Highlights: Mirabai Chanu Additional Superintendent of Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here