ഒളിമ്പിക്സ് ജേതാവിനെ അട്ടിമറിച്ചു; ക്രിസ്ത്യാനോയുടെ ആഘോഷം അനുകരിച്ച് ഈജിപ്ത് താരം: വിഡിയോ

ടോക്യോ ഒളിമ്പിക്സ് വേദിയിൽ യുവൻ്റസിൻ്റെ പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോയെ അനുകരിച്ച് ഈജിപ്തിൻ്റെ കൗമാര താരം. 18കാരനായ വാൾപ്പയറ്റ് താരം മുഹമ്മദ് എൽസയെദാണ് മൂന്ന് വട്ടം ഒളിമ്പിക്സ് ജേതാവായ ഫ്രാൻസിൻ്റെ യാന്നിക്ക് ബോറലിനെ അട്ടിമറിച്ചതിനു ശേഷം ഇത്തരത്തിൽ ആഘോഷിച്ചത്. വാൾപ്പയറ്റ് ആദ്യ റൗണ്ടിലായിരുന്നു മുഹമ്മദ് എൽസയെദിൻ്റെ തകർപ്പൻ ജയം. ( Mohamed Elsayed Cristiano Ronaldo’s )
അതേസമയം, വനിതാ ഹോക്കിയിലെ പൂൾ എയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമ്മനിയാണ് ഇന്ത്യയെ കീഴടക്കിയത്. കളി അവസാനിക്കാൻ 10 മിനിട്ട് മാത്രം അവശേഷിക്കെ ശർമിള ദേവിക്ക് മഞ്ഞ കാർഡ് ലഭിച്ചത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് ഇന്ത്യ 1-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.
Read Also: ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി
നേരത്തെ, ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം നൽകിയിരുന്നു. മണിപ്പൂർ സർക്കാരിൻ്റേതാണ് തീരുമാനം. വാർത്താകുറിപ്പിലൂടെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ ആയിരുന്നു ചാനു. കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി മീരാബായ്ക്ക് ഉറപ്പുനൽകിയിരുന്നു.
ഇതോടൊപ്പം താരത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകാനും മണിപ്പൂർ സർക്കാർ തീരുമാനിച്ചു. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളിമെഡൽ നേടിയത്.
ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ ഒരേയൊരു മെഡൽ ജേതാവാണ് മീരാബായ് ചാനു. 2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 5 വർഷങ്ങൾക്കിപ്പുറം വെള്ളിമെഡൽ സ്വന്തമാക്കി മടങ്ങിയത്. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യമാണ്. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്‌നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
Story Highlights: Mohamed Elsayed Cristiano Ronaldo’s goal celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here