Advertisement

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന വിധി മനുഷ്യത്വപരമായ വീക്ഷണം: മുഖ്യമന്ത്രി

July 28, 2021
Google News 2 minutes Read
pinarayi vijayan supreme court

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യർ ഭിക്ഷാടകർ ആകേണ്ടി വരുന്നത് അവർ അത് ആഗ്രഹിക്കുന്നതു കൊണ്ടല്ല. ദാരിദ്ര്യവും പട്ടിണിയുമാണ് അതിനവരെ നിർബന്ധിതരാക്കുന്നത്. രിദ്രരായ മനുഷ്യരോടുണ്ടാകേണ്ടത് സഹാനുഭൂതിയും സഹായിക്കാനുള്ള സന്നദ്ധതയുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. (pinarayi vijayan supreme court)

Read Also: വരേണ്യവർഗത്തിനൊപ്പമല്ല; ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാത്തിടത്തോളം ഭിക്ഷാടനം നിരോധിക്കാൻ ആകില്ലെന്ന സുപ്രിംകോടതി വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. മനുഷ്യർ ഭിക്ഷാടകർ ആകേണ്ടി വരുന്നത് അവർ അത് ആഗ്രഹിക്കുന്നതു കൊണ്ടല്ല. ദാരിദ്ര്യവും പട്ടിണിയുമാണ് അതിനവരെ നിർബന്ധിതരാക്കുന്നത്. ദാരിദ്ര്യവും അതിൻ്റെ പാർശ്വഫലങ്ങളിലൊന്നായ ഭിക്ഷാടനവും നിരോധനം കൊണ്ട് ഇല്ലാതാകുന്നവയല്ല. അത്തരമൊരു കാഴ്ചപ്പാടല്ല നമുക്കുണ്ടാകേണ്ടത്. ദരിദ്രരായ മനുഷ്യരോടുണ്ടാകേണ്ടത് സഹാനുഭൂതിയും സഹായിക്കാനുള്ള സന്നദ്ധതയുമാണ്. അവരെ കൈപിടിച്ചുയർത്തി ദാരിദ്ര്യത്തിൽ നിന്നും വിമോചിതർ ആക്കിയാൽ മാത്രമേ ഭിക്ഷാടനം ആവശ്യമില്ലാത്ത ലോകം സാധ്യമാവുകയുള്ളൂ. അതത്ര നിഷ്പ്രയാസം നേടാവുന്ന കാര്യമല്ല.

അക്കാര്യം നാടിൻ്റെ നയമായി മാറുകയും ഇച്ഛാശക്തിയോടെ നടപ്പിലാക്കാൻ സാധിക്കുകയും വേണമെന്നാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്. ആ ദിശയിൽ ഉള്ള ചുവടുവയ്പാണ് അതിതീവ്ര ദാരിദ്ര്യം തുടച്ചു നീക്കുന്നതിനായി കേരളം ആവിഷ്കരിച്ച പുതിയ പദ്ധതി. അതിൻ്റെ ഭാഗമായി നടക്കുന്ന സർവേ നാലു മാസത്തിനകം പൂർത്തിയാകും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോപ്ലാനുകൾ തയ്യാറാക്കി അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ അതിൽ നിന്നും മോചിതരാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. മികച്ച രീതിയിൽ ആ ലക്ഷ്യം കൈവരിക്കുന്നതിനായി നമുക്കേവർക്കും ഒരുമിച്ചു മുന്നോട്ടു പോകാം.

വരേണ്യവർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഭിക്ഷാടനം നിരോധിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നത്. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിൻ്റെ കാരണം. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കിൽ ആരും ഭിക്ഷ യാചിക്കാൻ പോകില്ലായിരുന്നു എന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിലെയും ട്രാഫിക്ക് പോയിൻ്റുകളിലെയും ഭിക്ഷാടനം കൊവിഡ് വ്യാപനത്തിനു കാരണമാകുനുണ്ടെന്നും അതിനാൽ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം.

Story Highlights: pinarayi vijayan supreme court verdict begging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here