സെയ്നിക്ക് പകരം സന്ദീപ് അരങ്ങേറും?; ഇന്ന് ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ കളിച്ചേക്കും

ശ്രീലങ്കക്കെതിരായ അവസാന ടി-20യ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇന്ന് മൂന്ന് മലയാളികൾ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ നവ്ദീപ് സെയ്നിക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ ഇന്ന് ടീമിൽ ഇടം നേടിയേക്കുമെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ എന്നിവർക്കൊപ്പം മൂന്നാമത്തെ മലയാളി താരമാവും ഇന്ത്യക്കായി കളിക്കുക. (sandeep warrier debut srilanka)
രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യക്ക് മുന്നിൽ അടിയറ വെക്കേണ്ടിവന്നതോടെ ടി-20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. അതേസമയം, 8 താരങ്ങൾ ഐസൊലേഷനിലും ഒരാൾ ക്വാറൻ്റീനിലുമായതോടെ ഒരു ബാറ്റ്സ്മാൻ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോർഡ് നേടാനാവും ശ്രമം. ഇന്ന് രാത്രി 8 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
Read Also: 21ആം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യക്കായി അരങ്ങേറുന്ന ആദ്യ താരം; അപൂർവ നേട്ടവുമായി ദേവദത്ത്
ആകെ അഞ്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. പഴകിയ പിച്ചിൽ ബാറ്റിംഗ് വളരെ ദുഷ്കരമായിരുന്നു. 6 ബൗളർമാരുമായി ഇറങ്ങിയ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും 4 വിക്കറ്റ് ജയം കുറിച്ച ശ്രീലങ്ക ഇന്നത്തെ കളിയിലും സമാന പ്രകടനത്തിനുള്ള ശ്രമത്തിലാണ്. 9 പേർ ടീമിൽ നിന്ന് പുറത്തായതോടെ കൃത്യം 11 പേരാണ് ഇന്ത്യയുടെ പ്രധാന ടീമിൽ ബാക്കിയുണ്ടായിരുന്നത്. 5 നെറ്റ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പ്രധാന ടീമിൽ ഉൾപ്പെട്ടിരുന്ന നവദീപ് സെയ്നിയെത്തന്നെ ഇന്ത്യ ഫീൽഡിൽ ഇറക്കി. എന്നാൽ, സെയ്നിക്ക് പരുക്ക് കാരണം ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ നെറ്റ് ബൗളർമാരിൽ ആരെയെങ്കിലും ഇന്ത്യ ഇന്ന് ടീമിൽ പരിഗണിച്ചേക്കും. മലയാളി താരം സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് നെറ്റ് ബൗളർമാരാണ് ഉള്ളത്. ഇവരിൽ തന്നെ ഇഷാൻ പോറൽ, സന്ദീപ് വാര്യർ എന്നിവർക്കാണ് സാധ്യത കൂടുതൽ. ഐപിഎലിലെ തകർപ്പൻ പ്രകടനം അർഷ്ദീപ് സിംഗിനും സാധ്യത നൽകും. എന്നാൽ, ഇന്ത്യ എ ടീമിലെ സ്ഥിര സാന്നിധ്യമായ സന്ദീപ് തന്നെ ഇന്ന് അരങ്ങേറിയേക്കുമെന്നാണ് വിവരം.
Story Highlights: sandeep warrier debut srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here