21ആം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യക്കായി അരങ്ങേറുന്ന ആദ്യ താരം; അപൂർവ നേട്ടവുമായി ദേവദത്ത്

21ആം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യക്കായി അരങ്ങേറുന്ന ആദ്യ താരമെന്ന നേട്ടവുമായി കർണാടക മലയാളി ദേവദത്ത് പടിക്കൽ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ ദേവദത്ത് ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ അരങ്ങേറിയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. 2000 ജൂലൈ ഏഴാം തീയതിയായിരുന്നു പാതിമലയാളി ആയ ദേവദത്തിൻ്റെ ജനനം. (devdutt padikkal record srilanka)
കൃണാൽ പാണ്ഡ്യ കൊവിഡ് ബാധിച്ച് ക്വാറൻ്റീനിലും താരവുമായി അടുത്ത സമ്പർക്കം പുലർത്തിയ 8 താരങ്ങൾ ഐസൊലേഷനിലും പ്രവേശിച്ചതോടെയാണ് ദേവദത്തിന് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറാനായത്. മത്സരത്തിന് താരത്തിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ താരം ഒരു ബൗണ്ടറിയും സിക്സറും അടക്കം 23 പന്തിൽ 29 റൺസെടുത്ത് പുറത്താവുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ ഏതാനും സീസണുകളിലായി തകർപ്പൻ ഫോമിലാണ് ദേവദത്ത്. കഴിഞ്ഞ ഐപിഎൽ സീസണിലും ഈ ഐപിഎലിലെ ആദ്യ ഘട്ട മത്സരങ്ങളിലും ദേവദത്ത് ഗംഭീര പ്രകടനം നടത്തിയിരുന്നു. സ്ഥിരതയോടെ റൺസ് കണ്ടെത്തുന്നതിനെ തുടർന്നാണ് താരത്തെ ഇന്ത്യൻ ടീമിൽ പരിഗണിച്ചത്.
Read Also: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്; ഇരു ടീമിനും നിർണായകം
ആകെ അഞ്ച് ബാറ്റ്സ്മാന്മാർ മാത്രമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയത്. പഴകിയ പിച്ചിൽ ബാറ്റിംഗ് വളരെ ദുഷ്കരമായിരുന്നു. 6 ബൗളർമാരുമായി ഇറങ്ങിയ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും ശ്രീലങ്ക 4 വിക്കറ്റ് ജയം കുറിച്ചിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 133 റൺസ് വിജയ ലക്ഷ്യം ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കവേ മറികടന്നു. 40 റൺസെടുത്ത് പുറത്താവാതെ നിന്ന ധനഞ്ജയ ഡി സിൽവയായിരുന്നു ടീമിന് വിജയം ഒരുക്കിയത്.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റിന് 132 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നായകൻ ശിഖർ ധവാൻ (42 പന്തിൽ 40) ടോപ് സ്കോററായി. എട്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കൊവിഡ് ബാധിച്ച കൃണാൽ പാണ്ഡ്യയുമായി അടുത്ത ബന്ധം പുലർത്തിയ പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, യുസ് വേന്ദ്ര ചാഹൽ, കൃഷ്ണപ്പ ഗൗതം, ദീപക് ചാഹർ എന്നിവരെ ഐസോലേഷനിൽ പ്രവേശിച്ചിതോടെ ഇന്ത്യക്കു ടീമിൽ മുഴുവൻ അഴിച്ചുപണി നടത്തേണ്ടിവന്നു. ചേതൻ സക്കരിയ, ദേവദത്ത പടിക്കൽ, നിതീഷ് റാണ, ഋതുരാജ് ഗെയ്ക് വാദ് എന്നിവർ ഇന്ത്യക്കായി അന്താരാഷ് ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
Story Highlights: devdutt padikkal record srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here