പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍; എന്‍എസ്ഒയ്ക്ക് എതിരെ അന്വേഷണം

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മറച്ച് വയ്ക്കാന്‍ നിയമവിരുദ്ധമായി ഒന്നും സ്ഥാപനം ചെയ്തിട്ടില്ലെന്നും എന്‍എസ്ഒ.
അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായിരിക്കെയാണ് നീക്കം. ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഒയ്ക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും കമ്പനിയുമായോ രാജ്യമോ ആയി ബന്ധം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നാണ് ഇസ്രായേലിന്റെ തീരുമാനം.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍എസ്ഒ ഓഫിസില്‍ ഇസ്രായേല്‍ റെയ്ഡ് നടത്തിയിരുന്നു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടേയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.
ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെഗസിസ് ചാര സോഫ്റ്റ്വെയറിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒയില്‍ പരിശോധന നടത്തിയത്. ഓഫിസില്‍ നടന്ന പരിശോധന സംബന്ധിച്ച വാര്‍ത്ത എന്‍എസ്ഒ കമ്പനി അധികൃതര്‍ തന്നെ സ്ഥിരീകരിച്ചു. പൂര്‍ണമായും സുതാര്യതയോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും, അന്വേഷണത്തില്‍ അത് ബോധ്യമാകുമെന്നും എന്‍എസ്ഒ വക്താവ് പ്രതികരിച്ചു. പെഗസിസ് പ്രോജക്റ്റിലൂടെ പുറത്ത് വന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും കമ്പനി ആവര്‍ത്തിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വിവാദമായ സാഹചര്യത്തിലാണ് ഇസ്രായേല്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റ ഫോണ്‍ നമ്പറും പട്ടികയില്‍ കണ്ടതോടെ ഫ്രാന്‍സ് ഇസ്രായേലിനെ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രാഥമിക കണ്ടെത്തലുകള്‍ പങ്കുവയ്ക്കാമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയെ അറിയിച്ചു.
Story Highlights: Pegasus phone leak Israel with action Inquiry against NSO raid at office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here