ഐഎന്‍എല്‍ പിളര്‍പ്പ്; അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടുണ്ട്: കാസിം ഇരിക്കൂര്‍

ഐഎന്‍എല്‍ തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു. കാന്തപുരം കാസിം ഇരിക്കൂര്‍ വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എ പി അബ്ദുള്‍ വഹാബ് വിഭാഗവുമായ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടായിരുന്നു ചര്‍ച്ച.
‘പലകാര്യങ്ങളും സംസാരിച്ചു. അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടുണ്ട്. അതിനായാണ് ശ്രമിക്കുന്നത്. എല്ലാ തരം ആശയ വിനിമയങ്ങളും നടത്തുന്നുണ്ട്. ഇത്ര തീയതിക്കുള്ളില്‍ എന്നൊന്നും നിശ്ചയിച്ചിട്ടില്ല. ദേശീയ നേതൃത്വത്തിലാണ് ഇതില്‍ വലിയ പങ്കുള്ളത്. അവരുടെ ഉപദേശ നിര്‍ദേശങ്ങളുമായി മുന്നോട്ടുപോകും’ കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.
Read Also: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഐഎന്‍എല്‍
അതേസമയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വഹാബ് വിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. പരസ്യ പ്രതികരണത്തിന് മുതിരരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അതനുസരിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ ആണ് താനെന്ന് അദ്ദേഹം പറഞ്ഞു.
തല്ലി പിരിഞ്ഞ യോഗം
ആറ് ദിവസം മുന്‍പാണ് പാര്‍ട്ടി പിളര്‍ന്നത്. കൊച്ചിയില്‍ അന്ന് പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. അതിനിടയില്‍ കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും പാര്‍ട്ടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആരോപണം ഉയര്‍ന്നു. പിഎസ്‌സി സീറ്റ് വില്‍പന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇടയിലാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്. പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തുടക്കം തന്നെ തല്ലി പിരിഞ്ഞു.
സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നും ഇവരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് യോഗം പിരിച്ച് വിട്ട് മാധ്യമങ്ങളോട് തുറന്നടിച്ചു. തൊട്ട് പിന്നാലെ പ്രവര്‍ത്തകരും രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ആക്രമിച്ചു.
പിന്നീട് എറണാകുളം കാനോന്‍ ഷെഡ് റോഡും സാസ് ടവറും തെരുവ് യുദ്ധത്തിന് വേദിയായി. മന്ത്രിയേയും കാസിം ഇരിക്കൂറിനെയും പുറത്ത് വിടില്ല എന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ മറുകൂട്ടര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വന്നത് സംഘര്‍ഷം ഇരട്ടിയാക്കി. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ഒരു പട തന്നെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഇറങ്ങേണ്ടി വന്നു. പിന്നെ പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളി ആയിരുന്നു. ഒടുവില്‍ പ്രശ്‌നക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ നേതാക്കളും മന്ത്രിയും ഈ തക്കത്തില്‍ കളം ഒഴിഞ്ഞു.
Story Highlights: inl-split-all-doors-to-reconciliation-are-open-kasim-irikkoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here