കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്ന് സൂചന

മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്ന് സൂചന. ലൈസൻസ് ഇല്ലാത്ത ഈ തോക്ക് കേരളത്തിൽ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ഫാക്ടറി നിർമിതമല്ലെന്നും കണ്ടെത്തി.
രഖിൽ വടക്കേ ഇന്ത്യയിൽ പോയതായി സൈബർ പൊലീസിന് വിവരം ലഭിച്ചിരുന്നു. ബീഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പോയതായാണ് വിവരം. വടക്കേ ഇന്ത്യയിൽ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രഖിൽ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് റിപ്പോർട്ട്.
കേസ് കാർത്തിക്കിന്റെ നേതൃത്വത്തിലുളള എറണാകുളം റൂറൽ പൊലീസും, ഇളങ്കോവിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ സിറ്റി പൊലീസും സംയുക്തമായി അന്വേഷിക്കും.
Read Also: കോതമംഗലം കൊലപാതകം : രഖിൽ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് കണ്ടെത്തൽ
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ രഖിൽ കൊലപ്പെടുത്തിയത് പഴയ പിസ്റ്റൾ ഉപയോഗിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. മാനസയുടെ കോളജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രഖിൽ എപ്പോഴും നലകാര്യങ്ങൾ മാത്രം പറയുന്ന ആൾ ആയിരുന്നുവെന്ന് ഇന്ദിരഗാന്ധി ദന്തൽ കോളജ് വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസിനാണ് മൊഴി നൽകിയത്.
മാനസ ഒരിക്കലും രഖിലിൽ നിന്ന് ഭീഷണി നേരിട്ടതായി പറഞ്ഞിരുന്നില്ലെന്ന് മെഡിക്കൽ കോളജ് ജീവനക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. മാനസയുടെ മരണത്തിന് പിന്നാലെ സുഹൃത്തുക്കളോട് ഇക്കാര്യം തിരക്കിയിരുന്നുവെങ്കിലും അവർക്കും ഇതേ പറ്റി അറിവില്ലായിരുന്നുവെന്നും അവർ ട്വന്റിഫോറിനോട് പറഞ്ഞു.
കോതമംഗലം കൊലപാതകം; രഖിലിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് https://t.co/HlIZdzvret
— 24 News (@24onlive) July 30, 2021
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ജൂലൈ 30നാണ്. 24 വയസായിരുന്നു. കോളജിനോട് ചേർന്ന് മാനസി താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്.
രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.
മാനസയെ രഖിൽ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. കണ്ണൂർ സ്വദേശിയായ രഖിൽ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറിയുള്ള വാടകമുറിയിലാണ് രഖിൽ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകൽസമയത്ത് മുറിയിൽ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീൻ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോൾ കച്ചവട ആവശ്യങ്ങൾക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, രഖിൽ അന്തർമുഖനായിരുന്നുവെന്ന് ബന്ധു പറഞ്ഞു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു. തോക്ക് തരപ്പെടുത്താൻ തക്ക ബന്ധം രഖിലിന് ഉണ്ടായിരുന്നില്ല. നാട്ടിൽ സുഹൃത്തുക്കൾ കുറവായിരുന്നുവെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ഇന്റീരിയർ ഡിസൈനറായിരുന്ന രഖിൽ ജോലിയുമായി ബന്ധപ്പെട്ട് അധികവും പുറത്തായിരുന്നു. എംബിഎയൊക്കെ കഴിഞ്ഞ ആളാണ്. മാനസയുമായി ബന്ധമുണ്ടായിരുന്നതൊന്നും അറിഞ്ഞിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ബന്ധു വ്യക്തമാക്കി.
Story Highlights: Rakhil Pistol from North India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here