കോതമംഗലത്തെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും; തോക്കിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് കണ്ണൂരിൽ

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് സംഘം കണ്ണൂരിലെത്തി.
മാനസയെ രഖിൽ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂർ സ്വദേശിയായ രഖിൽ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറിയുള്ള വാടകമുറിയിലാണ് രഖിൽ താമസിച്ചിരുന്നത്. മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകൽസമയത്ത് മുറിയിൽ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീൻ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോൾ കച്ചവട ആവശ്യങ്ങൾക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മാനസയുടേയും രഖിലിന്റേയും ബന്ധുക്കൾ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകർന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന്കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ സമയം ഏഴ് നിറയൊഴിക്കാൻ കഴിയുന്ന തോക്കാണിത്. സംഭവത്തിന്റെ ദൃക്സാക്ഷികളായ വിദ്യാർത്ഥിനികൾ, കോളജിലെ സഹപാഠികൾ അടക്കമുള്ളവരിൽ നിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ഇന്ന് ശേഖരിക്കും. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Also:കോതമംഗലം കൊലപാതകം; രഖിലിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്
അതേസമയം, മാനസയുടെയും രഖിലിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക.ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖിൽ, മാനസയെ കൊലപ്പെടുത്തിയത്. തുടർന്ന് രഖിൽ സ്വയം വെടിയുതിർത്തുകയായിരുന്നു. നാട്ടുകാാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
Story Highlights: special team manasa case, Kothamangalam murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here