ഹൗസ് ബോട്ടുകളുടെ പ്രവർത്തനത്തിന് അനുമതി

സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പുറമെ ഹൗസ് ബോട്ടുകൾക്കും പ്രവർത്തിക്കാൻ അനുമതി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്.
കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കാവൂ എന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇനിമുതൽ നിയന്ത്രണത്തിന് പുതിയ രീതിയായിരിക്കും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ ഉപേക്ഷിച്ചു. പുതിയ കോവിഡ് മാർഗരേഖ പ്രകാരം തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താമെന്നും ഉത്തരവിൽ പറയുന്നു.
പുതുക്കിയ കോവിഡ് മാർഗരേഖപ്രകാരം കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകളുണ്ട്. രണ്ടാഴ്ച മുമ്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവരോ 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവരോ ആയിരിക്കണം. കടകൾക്ക് പുറമെ ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.
Read Also: നിലവിലെ ലോക്ക്ഡൗൺ ഇതേ രീതിയിൽ തുടരുന്നത് ഉചിതമല്ല: കെ.ജി.എം.ഒ.എ.
Story Highlights: Permission to operate houseboats kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here