കുതിരാന്‍ പ്രചാരണ വിഡിയോയില്‍ വിവാദം; മുന്‍ ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപണം

കുതിരാന്‍ തുരങ്കത്തിന്റെ പ്രചാരണ വിഡിയോയില്‍ മുന്‍ സര്‍ക്കാരിനെയും ജനപ്രതിനിധികളെയും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലാണ് അതൃപ്തി. തുരങ്കത്തിന്റെ ആദ്യപാത ഗതാഗതത്തിനായി തുറന്നുകൊടുത്തതിന് പിന്നാലെയാണ് വിവാദങ്ങള്‍.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞമാസം 31നാണ് പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന പാത ഗതാഗതത്തിനായി തുറന്നുനല്‍കിയത്. തുരങ്കത്തിന്റെ പ്രചാരണവിഡിയോയില്‍ നിന്ന് യുഡിഎഫ് നേതാക്കളെ പൂര്‍ണമായും ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
2014 ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. അന്നത്തെമുഖ്യമന്ത്രി, എംഎല്‍എ തുടങ്ങി ഇപ്പോഴത്തെ തൃശൂര്‍ എംപി ടി എന്‍ പ്രതാപനെ വരെ ഒഴിവാക്കിയാണ് പ്രചാരണ വിഡിയോ തയാറാക്കിയിരിക്കുന്നത്. രണ്ട് മാസം മുന്‍പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസിന്റെ പി ആര്‍ വര്‍ക്കാണ് വിഡിയോയില്‍ കാണുന്നതെന്ന് ഡിസിസി പ്രസിഡന്റ് എംപി വിന്‍സന്റ് ആരോപിച്ചു.
തൃശൂര്‍ കളക്ടറേറ്റിന് മുന്നിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. ഭരണകക്ഷിയിലെ മറ്റ്‌നേതാക്കള്‍ക്ക് പോലും പ്രാധാന്യം കിട്ടിയില്ലെന്നും വിഡിയോ എത്രയും പെട്ടന്ന് പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ തയാറാകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Story Highlights: kuthiran controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here