Advertisement

ഐപിഎലിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് അനുമതി

August 6, 2021
Google News 2 minutes Read
bubble to transfer ipl

യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് അനുമതി നൽകി ബിസിസിഐ. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും. (bubble to transfer ipl)

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.

Read Also: മൂന്ന് നിർണായക താരങ്ങൾ ഐപിഎലിനെത്തില്ല; രാജസ്ഥാൻ റോയൽസിന് തിരിച്ചടി

അതേസമയം, ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ യുഎഇയിൽ ആരംഭിക്കുമ്പോൾ ഏറ്റവുമധികം പ്രതിസന്ധി രാജസ്ഥാൻ റോയൽസിനാവും. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾക്കിടെ തന്നെ പല വിദേശ താരങ്ങളെയും നഷ്ടപ്പെട്ട് രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലായിരുന്നു. ലീഗ് യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഈ താരങ്ങൾ കളിക്കാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പായ മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഇവർക്ക് പകരക്കാരെ കണ്ടെത്തി വേണം രാജസ്ഥാന് യുഎഇയിലേക്ക് വണ്ടികയറാൻ.

ഇന്ത്യയിൽ വച്ചുള്ള ആദ്യ പാദ മത്സരങ്ങളിൽ ഇല്ലാതിരുന്ന പേസർ ജോഫ്ര ആർച്ചർ യുഎഇയിലും കളിക്കില്ല. താരത്തിൻ്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. ഈ വർഷം മുഴുവൻ ആർച്ചർ പിച്ചിലിറങ്ങില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. ടി-20 ലോകകപ്പും ആഷസും ഐപിഎലുമൊക്കെ താരത്തിനു നഷ്ടമാവും. ആദ്യ പാദത്തിൽ പരുക്കേറ്റ് മടങ്ങിയ ബെൻ സ്റ്റോക്സ് രണ്ടാം പാദത്തിലും ഉണ്ടാവില്ല. അനിശ്ചിതകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ച സ്റ്റോക്സ് എപ്പോൾ തിരികെയെത്തുമെന്ന് വ്യക്തമല്ല. മൂന്നാമത്തെ താരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ ആണ്. രാജസ്ഥാൻ നിരയിലെ സുപ്രധാന താരമായ ബട്‌ലർ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്.

Story Highlight: bubble to bubble transfer ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here