മെസിയുടെ 10ആം നമ്പർ ജഴ്സി പെഡ്രിക്കെന്ന് റിപ്പോർട്ട്

ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന 10ആം നമ്പർ ജഴ്സി ഇനി മുതൽ സ്പാനിഷ് യുവതാരം പെഡ്രി അണിയുമെന്ന് റിപ്പോർട്ട്. പത്താം നമ്പർ ജഴ്സി ജഴ്സി റിട്ടയർ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ലാ ലിഗയുടെ നിയമപ്രകാരം 1 മുതൽ 25 നമ്പർ വരെയുള്ള ജഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പത്താം നമ്പർ ജഴ്സി പെഡ്രിക്ക് നൽകുമെന്നാണ് സൂചനകൾ. (pedri wear 10 jersey)
ലാസ് പൽമാസിൽ നിന്ന് കഴിഞ്ഞ സീസണിൽ ബാഴ്സക്കൊപ്പം ചേർന്ന 18 വയസ്സുകാരൻ പെഡ്രി യൂറോ കപ്പിനും ടൊക്യോ ഒളിമ്പിക്സിനുമുള്ള സ്പെയിൻ ദേശീയ ടീമിലും ഇതിനകം കളിച്ചു. മികച്ച മധ്യനിര താരമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞ പെഡ്രിക്ക് 10ആം നമ്പർ വലിയ ഉത്തരവാദിത്തമാവും. കഴിഞ്ഞ ദിവസം ക്ലബ് താരങ്ങളുടെ ജഴ്സി നമ്പർ പുറത്തിറക്കിയിരുന്നു. 1 മുതൽ 20 വരെയുള്ള ജഴ്സികളിൽ രണ്ട് നമ്പറുകൾ മാത്രമാണ് ഇല്ലാതിരുന്നത്. പത്താം നമ്പറും കഴിഞ്ഞ സീസണിൽ പെഡ്രി അണിഞ്ഞ 16ആം നമ്പറും. ഇതോടെയാണ് പുതിയ അഭ്യൂഹങ്ങൾ ഉയർന്നുതുടങ്ങിയത്.
Read Also: മെസിക്കാലത്തിനു ശേഷം ആദ്യ മത്സരം; സൗഹൃദപ്പോരിൽ യുവന്റസിനെ തകർത്ത് ബാഴ്സലോണ
അതേസമയം, ജോവാൻ ഗാമ്പർ ട്രോഫി സൗഹൃദ മത്സരത്തിൽ എഫ്സി ബാഴ്സലോണ തകർപ്പൻ ജയം കുറിച്ചു. ഇറ്റാലിയൻ വമ്പന്മാരായ യുവൻ്റസിനെയാണ് ബാഴ്സ കീഴടക്കിയത്. ഇതിഹാസ താരം ലയണൽ മെസി ക്ലബ് ഔദ്യോഗികമായി ക്ലബ് വിട്ടതിനു ശേഷം കളിക്കുന്ന ആദ്യ മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കറ്റാലൻ പടയുടെ ജയം. യുവൻ്റസിനായി ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ കളത്തിലിറങ്ങിയിരുന്നു. മെസി ടീമിലുണ്ടായിരുന്നെങ്കിൽ മെസി-ക്രിസ്ത്യാനോ പോരാട്ടം എന്ന നിലയിൽ ശ്രദ്ധ നേടേണ്ട മത്സരമായിരുന്നു ഇത്.
മൂന്നാം മിനിട്ടിൽ തന്നെ ബാഴ്സലോണ മുന്നിലെത്തി. ലിയോണിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ ഡച്ച് താരം മെംഫിസ് ഡിപായ് ആണ് ആദ്യ ഗോളടിച്ചത്. 57ആം മിനിട്ടിൽ ഡെന്മാർക്ക് താരം മാർട്ടിൻ ബ്രാത്‌വെയ്റ്റിലൂടെ ബാഴ്സ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ യുവതാരം റിക്കി പുജ് ബാഴ്സയുടെ ഗോൾ വേട്ട പൂർത്തിയാക്കി. ക്രോസ് ബാറിനു കീഴിൽ തകർപ്പൻ പ്രകടനം നടത്തിയ ഗോൾ കീപ്പർ നെറ്റോയും ബാഴ്സയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Story Highlight: pedri wear number 10 jersey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here