മെസിയെ മറ്റൊരു ടീം ജഴ്സിയിൽ കാണുന്നത് വേദനിപ്പിക്കും: ഇനിയെസ്റ്റ

ബാഴ്സലോണ ഇതിഹാസ താരം ലയണൽ മെസിയെ മറ്റൊരു ടീം ജഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുമെന്ന് ബാഴ്സലോണയുടെ മുൻ ക്യാപ്റ്റനും മെസിയുടെ സഹതാരവുമായിരുന്ന ആന്ദ്രേ ഇനിയെസ്റ്റ. ക്ലബിലെന്താണ് നടന്നതെന്ന് അറിയില്ല. പക്ഷേ, ഈ ട്രാൻസ്ഫറിൽ നിന്ന് ക്ലബിന് തിരികെവരേണ്ടതുണ്ടെന്നും താരം പറഞ്ഞു. (Messi Iniesta PSG Barcelona)
“ക്ലബിനുള്ളിൽ സംഭവിച്ചതെന്തെന്ന് അറിയില്ല. എങ്ങനെയാണ് കാര്യങ്ങൾ ഇങ്ങനെയായതെന്നും അറിയില്ല. പക്ഷേ, ബാഴ്സലോണയ്ക്ക് ഈ ട്രാൻസ്ഫറിൽ നിന്ന് തിരികെ വരേണ്ടതുണ്ട്. മറ്റൊരു ടീമിൻ്റെ ജഴ്സിയിൽ മെസി കളിക്കുന്നത് കാണുന്നത് എന്നെ വേദനിപ്പിക്കും. മെസിയായിരുന്നു ക്ലബിൻ്റെ എല്ലാം. അവനാണ് ബാഴ്സയെ വിശിഷ്ടമാക്കിയത്. ഞാൻ അവനെപ്പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല.”- ഇനിയെസ്റ്റ പറഞ്ഞു.
ബാഴ്സ അക്കാദമിയായ ലാ മാസിയ മുതൽ 20 കൊല്ലത്തോളം ബാഴ്സലോണക്കൊപ്പമുണ്ടായിരുന്ന ഇനിയെസ്റ്റ് ഇപ്പോൾ ജപ്പാൻ ക്ലബായ വിസൽ കോബെയുടെ താരമാണ്. മെസിയ്ക്കും സാവിയ്ക്കുമൊപ്പം നിരവധി നേട്ടങ്ങളാണ് ഇനിയെസ്റ്റ നേടിയത്.
Read Also: പി.എസ്.ജി.യിൽ മെസി നമ്പര്‍ 30 കുപ്പായത്തില്‍; ‘മെസി’ ട്രെയിലര്‍ പുറത്തുവിട്ട് പി.എസ്.ജി.
അതേസമയം, ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനുമായി കരാറിലെത്തിയ മെസി പാരീസിലെത്തി. മെസിയെ ഈഫൽ ഗോപുരത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പിഎസ്ജി പദ്ധതിയിടുന്നത് എന്നാണ് സൂചന. രണ്ടു വർഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണിൽ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വർഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.
അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.
Story Highlight: Lionel Messi Iniesta PSG Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here