സാഭിമാനം സ്വാതന്ത്ര്യം; സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണഭൂമിയായി കണ്ണൂരിലെ പയ്യന്നൂര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മകള്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന സ്ഥലമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍. കേരളത്തിലാദ്യമായി ഉപ്പുകുറക്കി നിയമം ലംഘിച്ച ഉളിയത്തുകടവും ഖാദിപ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന മണ്ണും ഗാന്ധിജിയുടെ ഗാന്ധിജിയുടെ ചിതാഭസ്മം കാത്തുസൂക്ഷിക്കുന്ന ഇടവുമെല്ലാം ചേര്‍ന്ന് സ്വാതന്ത്ര്യ സമരചരിത്രത്തിലെ സുവര്‍ണഭൂമിയാണ് പയ്യന്നൂര്‍.
ഗാന്ധിജിയുടെ ഉപ്പുകുറക്കിയുള്ള നിയമലംഘന സമരത്തിന്റെ തുടര്‍ച്ചയായിരുന്നു ഉളിയത്തുകടവിലെ ഉപ്പുകുറുക്കല്‍. 1920ല്‍ തന്നെ ദേശീയപ്രസ്ഥാനത്തിന്റെ കനലേറ്റുവാങ്ങിയ പയ്യന്നൂരില്‍ 1930 ഏപ്രില്‍ 23നാണ് കെ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുകുറുക്കി നിയമം ലംഘിച്ചത്.
1930 മാര്‍ച്ച് 9. അന്ന് വടകരയില്‍ ചേര്‍ന്ന കെപിസിസി യോഗമാണ് ഉപ്പുസത്യാഗ്രഹത്തിന്റെ തുടര്‍ച്ച പയ്യന്നൂരിലും ഉണ്ടാകണമെന്ന് ഉറപ്പിച്ചത്. വാഴ്ക ഭാരത സമുദായം എന്ന ബ്രിട്ടീഷ് വിരുദ്ധഗാനം പാടി കെ കേളപ്പന്‍, കെടി കുഞ്ഞിരാമന്‍ നമ്പ്യാര്‍, മൊയ്യാരത്ത് ശങ്കരന്‍, കൃഷ്ണപിള്ള തുടങ്ങിയ പോരാളികള്‍ നയിച്ച ജാഥ പ്രയാണം തുടങ്ങി. മൊയ്യാരത്ത് കുഞ്ഞിശങ്കരന്‍ മേനോന്‍, കുമാരന്‍, സിഎച്ച് ഗോവിന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് വഴിയോരങ്ങളില്‍ സ്വീകരണം ഒരുക്കി. 1930 ഏപ്രില്‍ 22ന് ജാഥ പയ്യന്നൂരിലെത്തി. പിറ്റേന്ന് ജാഥ ഉളിയത്തുകടവിലേക്ക് നീങ്ങി. മുദ്രാവാക്യം വിളികളും ദേശീയ ഗാനവും അലയടിച്ച അന്തരീക്ഷത്തില്‍ ബ്രിട്ടീഷ് പൊലീസിനെ സാക്ഷിനിര്‍ത്തി ധീരദേശാഭിമാനികള്‍ ഉപ്പുകുറുക്കി നിയമം ലംഘിച്ചു. അങ്ങനെ ചരിത്ര താളുകളില്‍ ഉളിയത്തുകടവിനെ രേഖപ്പെടുത്തി.
ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് ഗാന്ധിയുടെ പയ്യന്നൂര്‍ സന്ദര്‍ശനം കരുത്തുപകര്‍ന്നു. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനായി 1934 ജനുവരി 12ന് പയ്യന്നൂരിലെത്തിയ ഗാന്ധിജി ഫണ്ടിലേക്ക് ലഭിച്ച സ്വര്‍ണം ലേലം ചെയ്തപ്പോള്‍ ലേലക്കാരനെ അനുകരിച്ച് മലയാളം പറഞ്ഞതും മറക്കാത്ത ഒരാള്‍ ഇന്നും പയ്യന്നൂരിലുണ്ട്. സ്വാതന്ത്ര്യ സമര സേനാനി അപ്പുക്കുട്ടപ്പൊതുവാള്‍.
Read Also : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി അധ്യക്ഷന്‍; മറക്കാന്‍ പാടില്ലാത്ത ചേറ്റൂരിന്റെ ഓര്‍മകളിലൂടെ
തിരുനാവായയില്‍ നിമജ്ജനം ചെയ്യാനായി കെ കേളപ്പന്‍ കൊണ്ടുവന്ന ഗാന്ധിജിയുടെ ചിതാഭസ്മത്തില്‍ നിന്നും സ്വാമി ആനന്ദതീര്‍ത്ഥന്‍ എത്തിച്ച ഒരു നുള്ള് ചിതാഭസ്മം സ്ഥാപിച്ച കുടീരവും ആശ്രമവിദ്യാലയമുറ്റത്ത് ഗാന്ധിജി നട്ട മാവും പയ്യന്നൂരിലെ ശ്രീനാരായണ മുറ്റത്ത് ഇന്നും കാണാം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലെ ഖാദി പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന മണ്ണായി അങ്ങനെ പയ്യന്നൂര്‍ മാറി.
Story Highlight: payyannur kannur, independence day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here