അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിലുറച്ച് നിൽക്കുന്നു; തീരുമാനത്തിൽ കുറ്റബോധമില്ലെന്ന് ബൈഡൻ

അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡൻ.
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 1.15ന് ആണ് ബൈഡൻ രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘർഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡൻ പറഞ്ഞത്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാൽ, അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും ചർച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഞാൻ അമേരിക്കയുടെ പ്രസിഡന്റാണ്. ഈ പ്രശ്നം എന്നോട് കൂടി അവസാനിക്കണം – ബൈഡൻ പറഞ്ഞു.
അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ തീരുമാനത്തിൻറെ ഉത്തരവാദിത്വം പ്രസിഡൻറ് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും ജോ ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ കാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൌരൻമാർക്ക് ജീവൻ നഷ്ടമാകരുതെന്നും തീവ്രവാദത്തിന് എതിരായ ചെറുത്ത് നിൽപ്പാണ് ലക്ഷ്യമെന്നും ബൈഡൻ വ്യക്തമാക്കി.
Read Also : അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിൽ
താലിബാന് കർശന നിർദേശം
അതേസമയം താലിബാൻ അഫ്ഗാനിസ്ഥാനിലെ യു.എസ് സൈന്യത്തെ ആക്രമിക്കുകയോ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്താൽ തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സഖ്യകക്ഷികളുടെ പ്രതിനിധികളെയും ഉപദ്രവിവിക്കരുതെന്ന് താലിബാന് നിർദേശം നൽകി. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാൻറെ പുനർനിർമാണമായിരുന്നില്ല യു.എസ് ലക്ഷ്യമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
Story Highlight: Biden on Taliban takeover