യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മലയാളി യുവതി നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടേക്കും

യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ ഉയരുന്നു. ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. രണ്ട് ലക്ഷം യുഎസ് ഡോളറാണ് ബ്ലഡ് മണി. ഇരുപത് ദിവസത്തിനുള്ളില്‍ ബ്ലഡ് മണി നല്‍കേണ്ടിവരുമെന്നാണ് സൂചന. കേസ് സെപ്തംബറില്‍ വീണ്ടും പരിഗണിക്കും.
യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. അതിനെതിരെ അവര്‍ നല്‍കിയ അപ്പീല്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു. പിന്നീട് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കാന്‍ അവര്‍ തയാറായത്. പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.
നിലവില്‍ നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിമിഷ അപ്പീല്‍ സമര്‍പ്പിച്ചത്. ഇത് സ്വീകരിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.
Story Highlight: nimisha priya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here