കോമൾ തട്ടാൽ ജംഷഡ്പൂർ എഫ്സിയിൽ

യുവതാരം കോമൾ തട്ടാൽ ഐഎസ്എൽ ക്ലബ് ജംഷഡ്പൂർ എഫ്സിയിൽ. 20കാരനായ താരവുമായി 3 വർഷത്തെ കരാറിലാണ് ജംഷഡ്പൂർ ഒപ്പുവച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ എടികെ മോഹൻബഗാൻ്റെ താരമായിരുന്ന കോമൾ 2017ൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ താരമാണ്. (Komal Thatal jamshedpur fc)
ഇന്ത്യൻ ഫുട്ബോളിലെ മികച്ച യുവതാരങ്ങളിൽ ഒരാൾ എന്നറിയപ്പെട്ടിരുന്ന താരമാണ് കോമൾ. ഇന്ത്യൻ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ പേരായിരുന്നു കോമൾ തട്ടാൽ. അണ്ടർ 17 ലോകകപ്പ് ടീമിലെ സൂപ്പർ സ്റ്റാറായിരുന്ന കോമൾ ദി നെക്സ്റ്റ് ബിഗ് തിങ് എന്നറിയപ്പെട്ടിരുന്ന താരമാണ്. എന്നാൽ, 2018 മുതൽ എടികെയിലുണ്ടെങ്കിലും തട്ടാലിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ഒപ്പം കളിച്ച മറ്റ് താരങ്ങളിൽ പലരും പല ടീമുകളിലും സ്ഥിരസാന്നിധ്യമായപ്പോൾ തട്ടാൽ ഫസ്റ്റ് ഇലവനു പുറത്ത് തന്നെയായിരുന്നു പലപ്പോഴും. അധികം കളിസമയം നൽകാതെ തട്ടാലിലെ പ്രതിഭയെ എടികെ പാഴാക്കുകയാണെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ എടികെ യുവതാരത്തെ റിലീസ് ചെയ്തു.
Read Also : കോമൾ തട്ടാൽ ഉൾപ്പെടെ മൂന്ന് താരങ്ങളെ ഒഴിവാക്കി എടികെ
അതേസമയം, പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം. കൊച്ചിയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഐഎസ്എൽ ക്ലബിൻ്റെ തോൽവി. ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന കേരള യുണൈറ്റഡ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. 42ആം മിനിട്ടിൽ ബുജൈർ ആണ് കേരള യുണൈറ്റഡിൻ്റെ വിജയഗോൾ നേടിയത്. ഗോകുലം കേരളയുടെ മുൻ പരിശീലകൻ ബിനോ ജോർജ് പരിശീലകനായതിനു ശേഷം കേരള യുണൈറ്റഡ് ആദ്യമായി കളിച്ച മത്സരമായിരുന്നു ഇത്. 27ആം തീയതി ഈ ടീമുകൾ തന്നെ വീണ്ടും ഏറ്റുമുട്ടും.
ഡ്യൂറൻഡ് കപ്പിൽ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്ന് സൗഹൃദമത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ആദ്യത്തേതാണ് ഇന്ന് കഴിഞ്ഞത്. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ ടീമിനെയാണ് മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുക. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലുമായുള്ള മത്സരം എപ്പോൾ നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലേക്ക് തിരിക്കും.
Story Highlight: Komal Thatal jamshedpur fc