കോമൾ തട്ടാൽ ഉൾപ്പെടെ മൂന്ന് താരങ്ങളെ ഒഴിവാക്കി എടികെ

വരുന്ന ഐഎസ്എൽ സീസണു മുന്നോടിയായി മികച്ച മൂന്ന് താരങ്ങളെ ഒഴിവാക്കി എടികെ മോഹൻബഗാൻ. യുവതാരം കോമൾ തട്ടാൽ, ജയേഷ് റാണെ, മൈക്കൽ സൂസൈരാജിൻ്റെ സഹോദരൻ മൈക്കൽ റെജിൻ എന്നിവരെയാണ് എടികെ റിലീസ് ചെയ്തത്. വിവരം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ത്യൻ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ പേരായിരുന്നു കോമൾ തട്ടാൽ. അണ്ടർ 17 ലോകകപ്പ് ടീമിലെ സൂപ്പർ സ്റ്റാറായിരുന്ന കോമൾ ദി നെക്സ്റ്റ് ബിഗ് തിങ് എന്നറിയപ്പെട്ടിരുന്ന താരമാണ്. എന്നാൽ, 2018 മുതൽ എടികെയിലുണ്ടെങ്കിലും തട്ടാലിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ഒപ്പം കളിച്ച മറ്റ് താരങ്ങളിൽ പലരും പല ടീമുകളിലും സ്ഥിരസാന്നിധ്യമായപ്പോൾ തട്ടാൽ ഫസ്റ്റ് ഇലവനു പുറത്ത് തന്നെയായിരുന്നു പലപ്പോഴും. അധികം കളിസമയം നൽകാതെ തട്ടാലിലെ പ്രതിഭയെ എടികെ പാഴാക്കുകയാണെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എടികെ യുവതാരത്തെ റിലീസ് ചെയ്തിരിക്കുന്നത്. താരം അടുത്ത സീസണിൽ ജംഷഡ്പൂർ എഫ്സിയ്ക്കായി കളിക്കുമെന്നാണ് റിപ്പോർട്ട്.
2017 മുതൽ എടികെയ്ക്കൊപ്പമുള്ള ജയേഷ് റാണെ ബെംഗളൂരുവിലേക്ക് പോകുമെന്ന് സൂചനയുണ്ട്. നിലവിൽ മൈക്കൽ റെജിൻ ഏത് ക്ലബിലേക്കാണ് കൂടുമാറുക എന്ന് വ്യക്തമല്ല.
Story Highlights: atk mohunbagan releases 3 players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here