Advertisement

ഐപിഎൽ രണ്ടാം പാദം; ഡൽഹി ക്യാപിറ്റൽസ് യുഎഇയിലേക്ക് തിരിച്ചു

August 21, 2021
Google News 2 minutes Read
ipl delhi capitals uae

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി ഡൽഹി ക്യാപിറ്റൽസ് യുഎഇയിലേക്ക് തിരിച്ചു. ഇന്നാണ് (ഓഗസ്റ്റ് 21) ടീം അംഗങ്ങൾ യുഎഇയിലേക്ക് തിരിച്ചത്. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യർ തങ്ങളുടെ ഫിറ്റ്നസ് പരിശീലകനൊപ്പം യുഎഇയിലുണ്ട്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് നേരത്തെ യുഎഇയിൽ എത്തിയിട്ടുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ അത് കഴിഞ്ഞ് യുഎഇയിലെത്തും. (ipl delhi capitals uae)

പരുക്കേറ്റ് ടീമിനു പുറത്തായിരുന്ന ശ്രേയാസ് രണ്ടാം പാദത്തിൽ കളിക്കുമെന്നാണ് വിവരം. തോളിനേറ്റ പരുക്കിനെ തുടർന്നാണ് ഐപിഎലിൽ നിന്നടക്കം താരം വിട്ടുനിന്നത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് ശ്രേയാസിന് പരുക്കേൽക്കുന്നത്. മാർച്ച് 23ന് ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ തോളിനു പരുക്കേറ്റ താരം തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിൽ കഴിയുകയും ചെയ്തു. ഒരു കൊല്ലത്തോളം നീണ്ട റീഹാബിലിറ്റേഷനൊടുവിൽ താരം പൂർണമായും ഫിറ്റാണെന്ന് എൻസിഎ സർട്ടിഫിക്കറ്റ് നൽകി. ഇതോടെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ടീമിൽ തിരികെയെത്തുമെന്ന് ഉറപ്പായത്. ടി-20 ലോകകപ്പ് നടക്കാനിരിക്കെ പരുക്കിൽ നിന്ന് മുക്തനായത് ശ്രേയാസിനും ആശ്വാസമാകും.

Read Also : ഡൽഹി ക്യാപിറ്റൽസിന് ആശ്വാസം; ഐപിഎൽ രണ്ടാം പാദത്തിൽ ശ്രേയാസ് അയ്യർ കളിക്കും

ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഇന്ത്യയിൽ നടന്ന ആദ്യ പാദ ഐപിഎൽ മത്സരങ്ങളിൽ ഋഷഭ് പന്താണ് ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്. ശ്രേയാസ് തിരികെ എത്തുകയാണെങ്കിൽ പന്ത് വീണ്ടും ടീമിൻ്റെ ഉപനായകനായേക്കും.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.

Story Highlight: ipl delhi capitals uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here