ഡിപായ് രക്ഷകനായി; അത്‌ലറ്റിക് ബിൽബാവോക്കെതിരെ സമനില പിടിച്ച് ബാഴ്സ

ലാ ലിഗയിൽ എഫ്സി ബാഴ്സലോണക്ക് സമനില. ലീഗിലെ രണ്ടാം മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോ ആണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഇനിഗോ മാർട്ടിനസ് ബിൽബാവോക്കായി സ്കോർ ചെയ്തപ്പോൾ ഈ സീസണിൽ ക്ലബിലെത്തിയ ഡച്ച് ഫോർവേഡ് മെംഫിസ് ഡിപായ് ആണ് ബാഴ്സയുടെ സമനില ഗോൾ കണ്ടെത്തിയത്. (barcelona drew athletic bilbao)
പൊസിഷൻ കൂടുതൽ ബാഴ്സക്ക് തന്നെ ആയിരുന്നെങ്കിലും ബിൽബാവോ ആണ് മത്സരത്തിൽ മികച്ചുനിന്നത്. കടുത്ത പ്രസ്സിംഗ് ഗെയിം കാഴ്ചവച്ച ആതിഥേയർ ബാഴ്സ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ആദ്യ പകുതിയിൽ തന്നെ, 31ആം മിനിട്ടിൽ ജെറാർഡ് പീക്കെ പരുക്കേറ്റ് പുറത്തായത് ബാഴ്സക്ക് കനത്ത തിരിച്ചടിയായി. പക്ഷേ, പകരമെത്തിയ അറൗജോ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയ്ക്ക് അഞ്ച് മിനിട്ട് പ്രായമായപ്പോൾ ബിൽബാവോ അർഹിച്ച ഗോൾ നേടി. കോർണറിൽ തലവച്ച് ഇനിഗോ മാർട്ടിനസ് ആണ് ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൽ പിന്നിലായതോടെ മറുപടി ഗോളിനായി ബാഴ്സ കിണഞ്ഞുശ്രമിച്ചു. ഒടുവിൽ 75ആം മിനിട്ടിൽ അവർ സമനില കണ്ടെത്തി. സെർജിയോ റോബർട്ടോയുടെ പാസിൽ നിന്ന് ഡിപായ് സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ എറിക് ഗാർഷ്യ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതോടെ ബാഴ്സ 10 പേരായി ചുരുങ്ങി.
Read Also : ഗ്രീലിഷിന് കന്നി ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ലീഗിലെ ആദ്യ മത്സരത്തിൽ റിയൽ സോസിഡാഡിനെതിരെ ബാഴ്സ തകർപ്പൻ ജയം കുറിച്ചിരുന്നു. രണ്ടിനെതിരെ 4 ഗോളുകൾക്കാണ് മെസി പോയതിനു ശേഷമുള്ള ആദ്യ ലാലിഗ മത്സരത്തിൽ ബാഴ്സ വിജയിച്ചത്. ബാഴ്സക്കായി മാർട്ടിൻ ബ്രാത്‌വെയ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ജെറാർഡ് പീക്കെ, സെർജിയോ റോബർട്ടോ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
ജോവാൻ ഗാമ്പർ ട്രോഫി സൗഹൃദ മത്സരത്തിലും ബാഴ്സലോണ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. ഇറ്റാലിയൻ വമ്പന്മാരായ യുവൻ്റസിനെയാണ് ബാഴ്സ കീഴടക്കിയത്. മെസി ഔദ്യോഗികമായി ക്ലബ് വിട്ടതിനു ശേഷം കളിക്കുന്ന ആദ്യ മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ ജയം. യുവൻ്റസിനായി ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ കളത്തിലുണ്ടായിരുന്നു. മെസി ടീമിലുണ്ടായിരുന്നെങ്കിൽ മെസി-ക്രിസ്ത്യാനോ പോരാട്ടം എന്ന നിലയിൽ ശ്രദ്ധ നേടേണ്ട മത്സരമായിരുന്നു ഇത്.
Story Highlight: fc barcelona drew athletic bilbao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here