ഗ്രീലിഷിന് കന്നി ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ നോർവിച്ച് സിറ്റിയെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റി കീഴടക്കിയത്. ആസ്റ്റൺ വില്ലയിൽ നിന്ന് ഈ സീസണിൽ സിറ്റിയിലെത്തിയ ഇംഗ്ലീഷ് വിങ്ങർ ജാക്ക് ഗ്രീലിഷ് ടീമിനായി തൻ്റെ ആദ്യ ഗോൾ കണ്ടെത്തി. അയ്മെറിക് ലപോർട്ടെ, റഹീം സ്റ്റെർലിങ്, റിയാദ് മഹാരെസ് എന്നിവരാണ് സിറ്റിക്കായി ഗോൽ നേടിയ മറ്റ് താരങ്ങൾ. ഒരെണ്ണം സെൽഫ് ഗോൾ ആയിരുന്നു. എഫ് എ കമ്മ്യൂണിറ്റി ഷീൽഡിൽ ലെസ്റ്റർ സിറ്റിയോടും പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ ടോട്ടനത്തിനോടും പരാജയപ്പെട്ട സിറ്റിക്ക് ഈ ജയം ആശ്വാസമാകും. (Manchester City won Norwich)
ഗ്രീലിഷിനൊപ്പം ഗബ്രിയേൽ ജെസൂസിനെ വിങ്ങറാക്കിയാണ് സിറ്റി ഇന്ന് കളത്തിലിറങ്ങിയത്. കരിയറിൻ്റെ തുടക്കത്തിൽ വിങ്ങറായിരുന്ന ജെസൂസ് പഴയ പൊസിഷനിലേക്ക് മടങ്ങിയതോടെ അപകടകാരിയായി. ഫെറാൻ ടോറസ് ആയിരുന്നു സെൻ്റർ ഫോർവേഡ്. ഏഴാം മിനിട്ടിൽ ടിം ക്രൾ നേടിയ ഓൺ ഗോളിൽ സിറ്റി മുന്നിലെത്തി. 22ആം മിനിട്ടിലായിരുന്നു ഗ്രീലിഷിൻ്റെ ഗോൾ. 64ആം മിനിട്ടിൽ ലാപോർട്ടെ സിറ്റിക്കായി മൂന്നാം ഗോൾ നേടിയപ്പോൾ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ റഹീം സ്റ്റെർലിങ് 71ആം മിനിട്ടിലും ഗ്രീലിഷിനു പകരക്കാരനായി എത്തിയ മഹാരെസ് 84ആം മിനിട്ടിലും സിറ്റിക്കായി ഗോൾവല കുലുക്കി. ഗബ്രിയേൽ ജെസൂസ് ആണ് രണ്ട് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
Read Also : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി
ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം സിറ്റിയെ കീഴടക്കിയത്. സൺ ഹ്യൂ-മിൻ 55-ാം മിനിറ്റിൽ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസിൽ യുനൈറ്റഡിനെ തോൽപ്പിച്ചു. ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവർപൂളിനും വിജയത്തുടക്കം ലഭിച്ചിരുന്നു. നോർവിച് സിറ്റിയെ ലിവർപൂൾ 3-0ത്തിന് തോൽപിച്ചു. ആദ്യ രണ്ടു ഗോളിന് വഴിയൊരുക്കുകയും മൂന്നാം ഗോൾ നേടുകയും ചെയ്ത ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സല ആണ് ലിവർപൂളിന്റെ വിജയശിൽപി.
Story Highlight: Manchester City won Norwich city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here