ശങ്കർ മഹാദേവന്റെ ജീവിതം പറഞ്ഞ ‘ഡീകോഡിങ് ശങ്കറിന്’ പുരസ്‌കാരം; സംവിധാനം ദീപ്തി പിള്ള ശിവൻ

മലയാളി സംവിധായകയായ ദീപ്തി പിള്ള ശിവന്റെ ‘ഡീകോഡിങ് ശങ്കറിന്’ കാൻസ് വേൾഡ് ഫിലിം പുരസ്‌കാരം. മികച്ച ജീവചരിത്രം, മികച്ച ഇന്ത്യൻ ചിത്രം എന്നീ പുരസ്‌കാരണങ്ങളാണ് ദീപ്തി പിള്ള ശിവന് ലഭിച്ചത്. ഗായകൻ ശങ്കർ മഹാദേവന്റെ ജീവിതം പറയുന്ന ഡോക്യൂമെന്ററിയാണ് ഡീകോഡിങ് ശങ്കർ.
ഗായകനും സംഗീത സംവിധായാകനുമായ ശങ്കർ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോകുമെന്ററി ഫിലിം ആണ് ‘ഡീകോഡിങ് ശങ്കർ’. പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി രാജീവ് മെഹരോത്രയാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചത്. ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വേഷങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്റെ ജീവിത താളമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. സരസമായി ശങ്കർ മഹാദേവൻ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. പണ്ഡിറ്റ് ജസ്‌രാജ്, ഉസ്താദ് സക്കീർ ഹുസൈൻ, അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ, ആമിർ ഖാൻ, ജാവേദ് അക്തർ, ഗുൽസർ, ശ്രേയ ഘോഷൽ തുടങ്ങി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങളെല്ലാം ശങ്കറിന്റെ ജീവിതം ഡോക്യൂമെന്ററിയിൽ ഡീകോഡ് ചെയ്യുന്നുണ്ട്.
Read Also :ടൊറന്റോ ചലച്ചിത്രമേളയിൽ ഇടം നേടി ‘ഡിക്കോഡിങ് ശങ്കർ’
ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്‌കാരം ‘ഡീകോഡിങ് ശങ്കർ’ നേടിയിരുന്നു.
നേരത്തെ വിവിധ ഡോക്യുമെന്ററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് ‘ഡികോഡിങ് ശങ്കർ’. നിലവിൽ സീ നെറ്റ്‌വർക്കിന്റെ ബിസിനസ് ഹെഡ് ആണ് ദീപ്തി. സംവിധായകനും തിരകഥാകൃത്തുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി.
Story Highlight: Decoding Sankar won award