കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി; അതൃപ്തി അറിയിച്ച് കസ്റ്റംസ്

കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ്. കേസ് അട്ടിമറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും. ഇന്നലെ എക്സൈസ് സി.ഐ. ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.എ. നെൽസണാണ് കേസിൻ്റെ അന്വേഷണ ചുമതല. അറസ്റ്റിലുള്ള 5 പ്രതികളെ ഉടൻ ചോദ്യം ചെയ്യാനുള്ള നടപടിയും ആരംഭിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികൾക്ക് കേസിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടങ്ങി. വൈകാതെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്സൈസിനെതിരായ പ്രധാന ആരോപണം. പ്രതികളെ പിടിച്ച ഉടൻ കസ്റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പ്രതികളാണ് ഉള്ളത്. പ്രതികളുമായുള്ള കസ്റ്റംസിന്റെ ഫോട്ടോ 24 ന് ലഭിച്ചു. കസ്റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാൽ എക്സൈസ് കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാൻ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.
Read Also : കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി ആരോപണം; എക്സൈസ് ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും
കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.
പ്രതികൾ കസ്റ്റഡിയിലായിരിക്കെ ഇവരുമായി പോയി ബാഗ് കണ്ടെത്തി അതും കേസിൽ ഉൾപ്പെടുത്തേണ്ടതിന് പകരമാണ് എക്സൈസ് ഇത്തരമൊരു കള്ളക്കളി നടത്തിയത്. 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തിന് മാത്രമാണ് നിലവിൽ 5 പേർക്കെതിരെ കേസ്.
Story Highlight: Customs expressing dissatisfaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here