അടച്ചിട്ട കുപ്പിക്കുള്ളിൽ മഴപെയ്യുന്നത് കണ്ടിട്ടുണ്ടോ ? കുപ്പിക്കുള്ളിൽ മഴക്കാട് ഒരുക്കാം; ടെറേറിയം എങ്ങനെ ചെയ്യാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു പളുങ്ക് കുപ്പി, അതിൽ കടും പച്ചയും, ഇളം മഞ്ഞയും കലർന്ന ചെടികൾ, കൊച്ച് പുൽ കൊടികൾ, നനുത്ത മണ്ണ്, ഉരുളൻ കല്ലുകൾ പിന്നെ നഗ്ന നേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത നിരവധി സൂക്ഷ്മ ജീവികളും…ചിലപ്പോൾ ഇവ സൂര്യന്റെ വെട്ടത്തിൽ തിളങ്ങി നിൽക്കും..ചിലപ്പോൾ ഈ ലോകത്തെ കുളിരണിയിച്ച് കുഞ്ഞു മഴയും കാണാം….അതാണ് ടെറേറിയം….കുപ്പിക്കുള്ളിലെ അത്ഭുത ലോകം. (how to make terrarium)
മണ്ണിൽ നിന്ന് അഞ്ചും പത്തും നിലകൾക്ക് മുകളിലെ ഫ്ളാറ്റിലും, ഓഫിസ് മുറികളിലും ജീവിക്കുന്ന മനുഷ്യന് പ്രകൃതിയെന്നാൽ ബാൽക്കണിയിലെ കുറച്ച് ചെടിച്ചട്ടികളും, മേശപ്പുറത്തെ ഫിഷ് ബൗളും മാത്രമാണ്. ഈ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമാണ് ടെറേറിയം. കുപ്പിക്കുള്ളിലെ ഈ അത്ഭുത ലോകം നമ്മുടെ മനസിന് സമ്മാനിക്കുന്ന സന്തോഷവും ശാന്തതയും ചെറുതല്ല.
അതുകൊണ്ട് തന്നെ ടെറേറിയത്തിന് ആവശ്യക്കാരേറെയാണ്. പുറത്ത് നിന്ന് വാങ്ങുമ്പോൾ നല്ല വിലയും നൽകണം. പക്ഷേ സ്വന്തമായി ആർക്കും ചെയ്യാവുന്നതാണ് ടെറേറിയം.
ടെറേറിയം ഒരുക്കാൻ ആവശ്യമായ സാധനങ്ങൾ :
ഒരു ഗ്ലാസ് കുപ്പി/ ബൗൾ
ചെറിയ കല്ലുകൾ
ചെടികൾ വളരാനായി നല്ല മണ്ണ്
പല വലുപ്പത്തിലുള്ള ചെടികൾ
എങ്ങനെ ടെറേറിയം ഒരുക്കാം ?

– ടെറേറിയത്തിനായി തെരഞ്ഞെടുത്ത കുപ്പിയിലോ ബൗളിലോ ആദ്യം ഒന്നര ഇഞ്ച് കനത്തിൽ ചെറിയ കല്ലുകൾ വിതറുക.
– ഇതിന് മുകളിലായി മണ്ണ് നിറയ്ക്കാം. രണ്ടര ഇഞ്ച് കനത്തിൽ വേണം മണ്ണിടാൻ. അല്ലെങ്കിൽ, നിങ്ങൾ തെരഞ്ഞെടുക്കുന്ന ചെടിക്ക് വേരിറങ്ങാൻ കഴിയുന്നത്ര പൊക്കത്തിൽ.

– നിങ്ങൾ ടെറേറിയത്തിനായി തെരഞ്ഞെടുത്ത ചെടികളിൽ നിന്ന് ഏറ്റവും വലിയ ചെടി ആദ്യം ടെറേറിയം ബൗളിൽ വയ്ക്കാം. തുടർന്ന് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചെടികൾ നടാം.
– ബൗളിന്റെ പിൻവശത്ത് നിന്ന് ആരംഭിച്ച് മുന്നിലേക്ക് പോകുന്ന രീതിയിലാകണം ചെടികൾ ക്രമീകരിക്കേണ്ടത്.
– ചെടി നടൽ പൂർത്തിയാക്കിയ ശേഷം അടയ്ക്ക് കൊച്ച് കല്ലുകൾ കൂടിയിട്ട് ലാൻഡ്സ്കേപ്പ് പൂർത്തിയാക്കാം.
മഴപെയ്യുന്ന ടെറേറിയം
അടച്ചിട്ട കുപ്പികളിലെ ടെറേറിയത്തിലാണ് ഈ പ്രതിഭാസമുണ്ടാകുക. ടെറേറിയം സെറ്റ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം മണ്ണിൽ സ്പ്രേ ചെയ്ത ശേഷം കുപ്പി അടയ്ക്കാം. സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജം മാത്രം ഈ ടെറേറിയങ്ങൾക്ക് മതി. ഈ വെള്ളം വലിച്ചെടുത്ത് ചെടികൾ പുറത്തേക്ക് ഓക്സിജൻ പുറംതള്ളി, വെള്ളം നീരാവിയായി കുപ്പിയുടെ വശങ്ങളിൽ തന്നെ കെട്ടിനിന്ന് ചെറിയ വെള്ളത്തുള്ളികളായി കുപ്പിക്ക് വശങ്ങളിലൂടെ മണ്ണിലേക്ക് തന്നെ ഒലിച്ചിറങ്ങും.
നാല് മുതൽ ആറ് മാസക്കാലം വരെ ഇത്തരം ടെറേറിയത്തിൽ നാം പുറത്ത് നിന്ന് വെള്ളം ഒഴിച്ച് കൊടുക്കേണ്ടതില്ല.
തുറന്നിട്ട ടെറേറിയത്തിൽ എന്നാൽ രണ്ടാഴ്ച കൂടുമ്പോൾ വെള്ളം ഒഴിച്ച് കൊടുക്കേണ്ടി വരും.

Read Also : രാത്രി ഉറക്കം ശരിയാകുന്നില്ലേ ? എങ്കിൽ കിടപ്പ് മുറിയിൽ ഈ ചെടികൾ വയ്ക്കൂ…
Story Highlight: how to make terrarium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here