കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 13 മരണം

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപം സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. വിമാനത്താവളത്തിന് പുറത്തെ ബാരണ്‍ ഹോട്ടലിന് സമീപമുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്.
വിമാനത്താവളത്തിന് പുറത്ത് വെടിവയ്പ്പും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനികര്‍ അടക്കം നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ആക്രമണമെന്നാണ് സൂചന. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സ്വദേശത്തേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയാണ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനമുണ്ടായത്. അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും വൈകാതെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
31 പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
Read Also : നിയമസഭാ തെരഞ്ഞെടുപ്പ് ; കർഷക അനുകൂല പ്രഖ്യാപനങ്ങളുമായി യോഗി സര്‍ക്കാര്‍
ദോഹ ധാരണ ലംഘിച്ചാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതെന്നും താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 532 പേരെയാണ് അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്.
Story Highlight: kabul airport bomb blast