Advertisement

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒരു ധാരണയില്ലാത്തവരുടെ സമീപനം;’വാരിയന്‍കുന്നത്ത്’ വിവാദത്തില്‍ മുഖ്യമന്ത്രി

August 28, 2021
Google News 1 minute Read
cm on variyankunnath controversy

മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയത് വാരിയന്‍കുന്നത്താണെന്നും അതില്‍ പങ്കെടുത്തവര്‍ സ്വാതന്ത്ര്യ സമര സേനാനികളാണെന്നും എല്ലാവരും അംഗീകരിച്ചതാണ്. അവരെ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കാനാണ് ശ്രമം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ഇത്തരത്തില്‍ സമീപനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി സമരങ്ങള്‍ ചേര്‍ന്നതാണ് സ്വാതന്ത്ര്യസമരം. അതില്‍ സഹന സമരമുണ്ട്. വ്യക്തി സത്യാഗ്രഹം, ബഹുജനമുന്നേറ്റം, ആയുധമേന്തിയ പോരാട്ടങ്ങള്‍ എന്നിവയും അതിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യമായിരുന്നു ഈ സമരങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നത്.
അതിന് ശേഷം ഏത് തരത്തിലുള്ള ഭരണ സംവിധാനം വേണമെന്നുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അക്കാരത്താല്‍ അവര്‍ സ്വാതന്ത്ര്യസമരത്തിന് പുറത്താണെന്ന് പറയാന്‍ സാധിക്കില്ല. വാരിയന്‍കുന്നത്ത് നയിച്ച സമരത്തെ ‘മലബാര്‍ സമരം’ എന്ന് വിളിച്ചത് മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ സാഹിബായിരുന്നു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നടന്ന സമരത്തെ മലബാറിലെ കാര്‍ഷിക സമരമെന്ന് വിളിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ആ സമരം ബ്രിട്ടീഷുകാര്‍ക്കെതിരെയല്ലെന്ന് പറയാന്‍ സാധിക്കില്ല. ജന്മിമാര്‍ക്കെതിരെയുള്ള സമരമായും അതിനെ വിലയിരുത്തി. അതിനെയാണ് പലരും തെറ്റായ നിലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് സമരത്തിനെതിരെ നിന്ന പല മതസ്ഥരേയും വാരിയന്‍കുന്നത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. നിരപരാധികളെ കൊന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്തു. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള രാജ്യമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. മതരാഷ്ട്രവാദം തന്റെ ലക്ഷ്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞത് പല ചരിത്ര പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlight: Variyankunnath kunjahammad haji, Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here