ഡി.സി.സി അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കും. ഡി.സി.സി. പ്രസിഡന്റ് പട്ടിക കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. തിരുവനന്തപുരത്ത് പാലോട് രവി തന്നെ ഡി.സി.സി. അധ്യക്ഷനാകും. പാലക്കാട് വി.ടി. ബലറാമിന് അധ്യക്ഷ സ്ഥാനമില്ല.
Read Also : ഡി.സി.സി പുനഃസംഘടന: നേതാക്കളെ അനുനയിപ്പിക്കാൻ ഒരുങ്ങി ഹൈക്കമാൻഡ്
ബിഹാറിൽ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആൻറണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്. ഉമ്മൻചാണ്ടിയുടെ മനസറിഞ്ഞു കൂടുതൽ നേതാക്കളെ ഡി.സി.സി. പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ രമേശ് ചെന്നിത്തലയെ പൂർണമായും തഴയുന്ന കാഴ്ചയാണ് ലിസ്റ്റിൽ കാണുന്നത്. രമേശ് അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു. ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനെ വെട്ടിമാറ്റിയാണ് കെ.സി.വേണുഗോപാലിൻറെ അടുപ്പക്കാരനായ കെ.പി. ശ്രീകുമാറിനെ ആലപ്പുഴയിൽ എഴുതിചേർത്തത്. പട്ടിക പുറത്ത് വരുന്നതിനു മുൻപേ സോഷ്യൽ മീഡിയയിൽ അനുമോദന പോസ്റ്ററുകൾ എത്തിയതും മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. എ.കെ ആൻറണി ഉൾപ്പെടെ കേന്ദ്രനേതാക്കളെ ചെന്നിത്തല വിഭാഗം അമർഷം അറിയിച്ചതിനാൽ പട്ടികയിൽ വീണ്ടും ഒരു മാറ്റം ഇവർ പ്രതീക്ഷിച്ചിരുന്നു.
Story Highlight: DCC Presidents announced today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here