Advertisement

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി; ലിവർപൂളിനെതിരെ സമനില പിടിച്ച് ചെൽസി

August 29, 2021
Google News 2 minutes Read
manchester arsenal liverpool chelsea

പ്രീമിയർ ലീഗിൽ ആഴ്സണലിന് വീണ്ടും പരാജയം. എവേ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് മടക്കമില്ലാത്ത 5 ഗോളുകൾക്ക് കീഴടങ്ങിയ ആഴ്സണൽ ഇതോടെ ലീഗിൽ അവസാന സ്ഥാനത്തായി. മൂന്ന് മത്സരങ്ങൾ കളിച്ച ആഴ്സണൽ മൂന്നിലും പരാജയപ്പെടുകയായിരുന്നു. സിറ്റിക്കായി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഇൽകായ് ഗുണ്ടോവാൻ, ഗബ്രിയേൽ ജെസൂസ്, റോഡ്രി എന്നിവരാണ് സിറ്റിയുടെ മറ്റ് സ്കോറർമാർ. (manchester arsenal liverpool chelsea)

തീർത്തും ഏകപക്ഷീയമായ മത്സരത്തിനാണ് സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് ഇന്നലെ സാക്ഷ്യം വഹിച്ചത്. 81 ശതമാനം പൊസിഷനും പോസ്റ്റിലേക്ക് 25 ഷോട്ടുകളും 14 കോർണറുകളും 757 പാസുകളുമൊക്കെയായി പെപിൻ്റെ സംഘം ആഴ്സണലിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു. ഒരൊറ്റ ഷോട്ടാണ് ഗണ്ണേഴ്സിന് തൊടുക്കാനായത്. ആഴ്സണൽ ആകെ നൽകിയത് 185 പാസുകൾ മാത്രമാണ്.

ഏഴാം മിനിട്ടിൽ ഗുണ്ടോവാനിലൂടെ മുന്നിലെത്തിയ സിറ്റി പിന്നെ തിരിഞ്ഞുനോക്കിയില്ല. ഫെറാൻ ടോറസ് 12ആം മിനിട്ടിലും ജെസൂസ് 43ആം മിനിട്ടിലും ഗോൾവല കുലുക്കി. 35ആം മിനിട്ടിൽ ആഴ്സണൽ താരം ഗ്രെനിറ്റ് സാക്ക ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് സിറ്റിക്ക് കാര്യങ്ങൾ എളുപ്പമാക്കി. രണ്ടാം പകുതിയിൽ, 53ആം മിനിട്ടിൽ റോഡ്രി സ്കോർഷീറ്റിൽ ഇടം നേടി. 84ആം മിനിട്ടിൽ നേടിയ ഗോളോടെ ടോറസ് ഇരട്ട ഗോൾ നേട്ടം കുറിച്ചു.

മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവുമായി പോയിൻ്റ് പട്ടികയിൽ അഞ്ചാമതാണ് സിറ്റി. 11 ആം തീയതി ലെസ്റ്റർ സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം. അന്ന് തന്നെ ആഴ്സണൽ നോർവിച് സിറ്റിയെ നേരിടും.

Read Also : ഒബമയാങ്ങിന് ഹാട്രിക്ക്; സീസണിൽ ആഴ്സണലിന് ആദ്യ ജയം

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് ഇരു ടീമുകളും മത്സരം സമനിലയാക്കിയത്. കായ് ഹാവെർട്സ് ആണ് ചെൽസിയുടെ ഗോൾ സ്കോറർ. മുഹമ്മദ് സല ലിവർപൂളിനായി ഗോൾ മടക്കി.

മത്സരത്തിൻ്റെ സമസ്ത മേഖലകളിലും മുന്നിൽ നിന്ന ലിവർപൂളിനെ പഴുതില്ലാതെ പ്രതിരോധിച്ചാണ് ചെൽസി തടഞ്ഞുനിർത്തിയത്. 22ആം മിനിട്ടിൽ കായ് ഹാവെർട്സിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ അധികസമയത്ത് പ്രതിരോധ താരം റീസ് ജെയിംസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായി. പെനൽറ്റി ഏരിയയിൽ വച്ച് പന്ത് കൈ കൊണ്ട് തൊട്ടതിനായിരുന്നു കാർഡ്. ഒപ്പം ലിവർപൂളിന് പെനൽറ്റിയും. കിക്കെടുത്ത സലയ്ക്ക് പിഴച്ചില്ല.

ചെൽസി 10 പേരായി ചുരുങ്ങിയതോടെ രണ്ടാം പകുതിയിൽ ലിവർപൂൾ ആക്രമണം അഴിച്ചുവിട്ടെങ്കിലും ചെൽസി പ്രതിരോധം ഉറച്ചുനിന്നു. ഒപ്പം ക്രോസ്ബാറിനു കീഴിൽ എഡ്വാർഡ് മെൻഡി നടത്തിയ അസാമാന്യ പ്രകടനവും ലിവർപൂളിനെ തടഞ്ഞുനിർത്തി.

മൂന്ന് മത്സരങ്ങളിൽ 2 ജയവും ഒരു സമനിലയും സഹിതം 7 പോയിൻ്റുകളുള്ള ചെൽസി പട്ടികയിൽ രണ്ടാമതും ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിൻ്റുള്ള ലിവർപൂൾ മൂന്നാമതുമാണ്. സെപ്തംബർ 12ന് ലീഡ്സിനെതിരെയാണ് ഇനി ലിവർപൂളിൻ്റെ മത്സരം. സെപ്തംബർ 11ന് ആസ്റ്റൺ വില്ലയാണ് ചെൽസിയുടെ അടുത്ത എതിരാളികൾ.

Story Highlight: manchester city won arsenal liverpool chelsea drew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here