രണ്ട് സ്വർണം ഉൾപ്പെടെ ആകെ 5 മെഡലുകൾ; പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇന്ന് മെഡൽക്കൊയ്ത്ത്

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്കിന്ന് മെഡൽക്കൊയ്ത്ത്. 2 സ്വർണം ഉൾപ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്ന് വിവിധ ഇനങ്ങളിൽ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിംഗ്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ സമ്പാദ്യം ആകെ 7 മെഡലുകളായി. രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും സഹിതമാണ് ഇത്. മെഡൽ പട്ടികയിൽ ഇന്ത്യ 26ആം സ്ഥാനത്താണ്. (india 5 medals paralympics)
പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്എച്ച്-1 വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ അവനി ലെഖാരയാണ് ഇന്ന് ഇന്ത്യയുടെ മെഡൽ വേട്ട ആരംഭിച്ചത്. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് മെഡൽ ആണിത്.
ജാവലിൻ ത്രോയിൽ ഇന്ത്യ ഇന്ന് മൂന്ന് മെഡൽ നേടി. തുടരെ മൂന്ന് ലോക റെക്കോർഡുകൾ ഭേദിച്ച സുമിത് അൻ്റിൽ ഐതിഹാസിക സ്വർണം നേടിയപ്പോൾ ദേവേന്ദ്ര ഝഝാരിയ വെള്ളിയും സുന്ദർ സിംഗ് ഗുർജാർ വെങ്കലവും നേടി. ഡിസ്കസ് ത്രോ എഫ്-56 വിഭാഗത്തിൽ വെള്ളി നേടിയ യോഗേഷ് കതൂനിയ ഇന്ത്യയുടെ ഇന്നത്തെ മെഡൽ നില പൂർത്തിയാക്കി.
Read Also : പാരാലിമ്പിക്സ്: അഞ്ച് ത്രോ, മൂന്ന് ലോക റെക്കോർഡ്; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് സ്വർണം
പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ അവിശ്വസനീയ പ്രകടനത്തോടെയായിരുന്നു സുമിതിൻ്റെ മെഡൽ വേട്ട. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.
ടോക്യോ പാര അത്‌ലറ്റിലെ ആദ്യ സ്വർണ മെഡലാണ് ഇന്ത്യക്ക് സുമിതിലൂടെ ലഭിച്ചത്. ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സന്ദീപ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 66.29 മീറ്റർ എറിഞ്ഞ ഓസ്ട്രേലിയയുടെ മൈക്കൽ ബുരിയൻ വെള്ളിയും 65.61 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു വെങ്കലവും നേടി.
Story Highlight: india 5 medals in paralympics