നോയിഡയില്‍ ഹോട്ടലുടമയെ കൊന്നത് ഡെലിവറി ബോയ് അല്ലെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഹോട്ടലുടമ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. ഹോട്ടലുടമയെ കൊലപ്പെടുത്തിയത് ഡെലിവറി ബോയ് അല്ലെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം തയ്യാറാക്കാന്‍ വൈകിയതിന്റെ പേരില്‍ ഡെലിവറി ബോയ് ഹോട്ടലുടമയെ വെടിവച്ചുകൊന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിശദമായ അന്വേഷണത്തില്‍ കൊല നടത്തിയത് മറ്റൊരാളാണെന്ന് വ്യക്തമായി.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് വന്ന ഓര്‍ഡര്‍ സ്വീകരിക്കാനായി ഭക്ഷണ ഡെലിവറി സ്ഥാപനത്തിന്റെ ഏജന്റായ യുവാവ് ഹോട്ടലിലെത്തുകയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് പൊലീസിനെ കുഴക്കിയത്. ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ ഒന്ന് തയ്യാറാക്കാന്‍ താമസമുണ്ടെന്ന് ഹോട്ടല്‍ തൊഴിലാളി അറിയിച്ചതോടെ ഡെലിവറി ബോയ് പ്രകോപിതനായി. സംഭവം വാക്കേറ്റത്തില്‍ കലാശിച്ചതോടെ ഹോട്ടലിന് പുറത്ത് കറങ്ങി നടന്നിരുന്ന മൂന്നു പേര്‍ വിഷയത്തില്‍ ഇടപെട്ടു. പ്രശ്‌നം പരിഹരിക്കാനെത്തിയ ഹോട്ടലുടമയെ ലഹരിയിലായിരുന്ന യുവാക്കളില്‍ ഒരാള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികളെ പൊലീസ് കണ്ടെത്തിയെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പിന്തുടര്‍ന്ന പൊലീസ് മുഖ്യപ്രതിയുടെ കാലില്‍ വെടിവച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഹോട്ടലുടമയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Story Highlight: noida hotel owner murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here