കൗണ്ടർ അറ്റാക്കുമായി ബെയർസ്റ്റോയും ഒലി പോപ്പും; ഇന്ത്യ ബാക്ക്ഫൂട്ടിൽ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ബാക്ക്‌ഫൂട്ടിൽ. മത്സരത്തിൻ്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ സ്കോറിനെക്കാൾ 52 റൺസ് മാത്രം പിന്നിലാണ് ഇപ്പോൾ ഇംഗ്ലണ്ട്. 5 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയും ഒലി പോപ്പും ചേർന്നാണ് കരകയറ്റിയത്. (england control india test)
രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രെയ്ഗ് ഓവർട്ടൺ (1) വേഗം തന്നെ പുറത്തായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഡേവിഡ് മലാനും ഏറെ വൈകാതെ പുറത്തായി. 31 റൺസെടുത്ത മലാനെയും ഉമേഷ് തന്നെയാണ് പുറത്താക്കിയത്. അവിടെ നിന്നാണ് ബെയർസ്റ്റോയും പോപ്പും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും വേഗത്തിലാണ് സ്കോർ ചെയ്തത്. ഒലി പോപ്പ് (38), ജോണി ബെയർസ്റ്റോ (34) എന്നിവർ ക്രീസിൽ തുടരുകയാണ്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 77 റൺസാണ് കൂട്ടിച്ചേർത്തത്.
Read Also : മേൽക്കൈ ഞങ്ങൾക്ക്; ടി-20 ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണം: ബാബർ അസം
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു.
36 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴു ഫോറുമടക്കം 57 റൺസെടുത്ത ഷാർദുലിന്റെ ഇന്നിങ്സാണ് ഇന്ത്യയെ 191-ൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പം ഷാർദുൽ കൂട്ടിച്ചേർത്ത 63 റൺസ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. കോലി 50 റൺസ് നേടി.
ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സിൽ റോറി ബേൺസ് (5), ഹസീബ് ഹമീദ് എന്നിവർ വേഗം പുറത്തായെങ്കിലും ജോ റൂട്ട് (21) മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഒടുവിൽ ആദ്യ ദിനം അവസാനിക്കാനിരിക്കെ ഉമേഷ് യാദവ് റൂട്ടിനെ പുറത്താക്കുകയായിരുന്നു.
Story Highlight: england in control india 4th test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here