ഷോൺ ടൈറ്റ് പുതുച്ചേരിയുടെ പരിശീലകനാവുന്നു

മുൻ ഓസീസ് പേസർ ഷോൺ ടൈറ്റ് പുതുച്ചേരി രഞ്ജി ടീം പരിശീലക സംഘത്തിലേക്ക്. വരുന്ന സീസണിൽ ടീമിൻ്റെ ബൗളിംഗ് പരിശീലകനായാണ് ടൈറ്റ് പ്രവർത്തിക്കുക. അടുത്തിടെ താരം അഫ്ഗാനിസ്ഥാൻ ദേശീയ ടീമിൻ്റെ ബൗളിംഗ് പരിശീലകനായും ചുമതലയേറ്റിരുന്നു. അഫ്ഗാനിസ്ഥാനിൽ അഞ്ച് മാസത്തേക്കാണ് താരത്തിൻ്റെ കരാർ. (Shaun Tait coach Pondicherry)
ഈ മാസാവസാനത്തോടെ ടൈറ്റ് പുതുച്ചേരി ടീമിനൊപ്പം ചേരും. ഇതിനിടെ അഫ്ഗാൻ ടീമിൽ നിന്ന് വിളി വന്നാൽ അവർക്കൊപ്പം ചേരുകയും അഫ്ഗാനിസ്ഥാനിലെ ജോലി കഴിഞ്ഞ് പുതുച്ചേരിയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.
ഓസ്ട്രേലിയക്കായി 35 ഏകദിങ്ങളും 21 ടി-20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ടൈറ്റ്. ഏകദിനങ്ങളിൽ 62 വിക്കറ്റുകൾ ഉള്ള താരം ടി-20 രാജ്യാന്തര കരിയറിൽ 28 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഐപിഎൽ അടക്കം വിവിധ ടി-20 ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വേഗത ബൗളർമാരിൽ ഒരാളാണ് ടൈറ്റ്. മണിക്കൂറിൽ 161.1 കിലോമീറ്റർ വേഗതയിൽ താരം പന്തെറിഞ്ഞിട്ടുണ്ട്. 2017ൽ ടൈറ്റ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
Read Also : രഞ്ജി ട്രോഫി ജനുവരി 13 മുതൽ ആരംഭിക്കും; തിരുവനന്തപുരത്തും മത്സരങ്ങൾ
അടുത്ത രഞ്ജി ട്രോഫി സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. ടീമുകൾ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ കാലാവധി പൂർത്തിയാക്കിയതിനു ശേഷം രണ്ട് ദിവസത്തെ പരിശീലനത്തിന് അനുവദിക്കും. ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചെന്നൈ, തിരുവനന്തപുരം, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇക്കൊല്ലത്തെ രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു.
നോക്കൗട്ട് മത്സരങ്ങൾ കൊൽക്കത്തയിലാണ് നടക്കുക. ഫെബ്രുവരി 20 മുതലാണ് നോക്കൗട്ട് മത്സരങ്ങൾ. നോക്കൗട്ടിനെത്തുന്ന ടീമുകൾ വീണ്ടും അഞ്ച് ദിവസം ക്വാറൻ്റീനിൽ കഴിയണം. ക്വാർട്ടർ ഫൈനലുകൾ ഫെവ്രുവരി 28 മുതൽ മാർച്ച് മൂന്ന് വരെയും സെമി ഫൈനലുകൾ മാർച്ച് 8 മുതൽ 12 വരെയും നടക്കും. മാർച്ച് 16-20 തീയതികളിൽ കൊൽക്കത്തയിലാണ് ഫൈനൽ.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 മത്സരങ്ങൾ നവംബർ 4ന് ആരംഭിക്കും. ലക്നൗ, ഗുവാഹത്തി, ബറോഡ, ഡൽഹി, ഹരിയാന, വിജയവാഡ എന്നിവിടങ്ങളിലാവും മത്സരങ്ങൾ. വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ഡിസംബർ 8 മുതൽ 27 വരെയാണ് നടക്കുക.
Story Highlight: Shaun Tait bowling coach Pondicherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here