വ്യാജ കൊവിഡ് വാക്‌സിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

വ്യാജ കൊവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി.
വ്യാജവാക്‌സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വാക്‌സിന്റെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.
നേരത്തേ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും വ്യാജ വാക്‌സിന്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കുമായിരുന്നു മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നാണ് വിവരം.
Story Highlight: fake covid vaccine alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here