സ്വർണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം, മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനം; പ്രതിഷേധവുമായി സ്വർണ വ്യാപാരികൾ

സ്വര്‍ണകടകളിൽ ജി എസ് ടി പരിശോധന നിർബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപരികൾ രംഗത്ത്. സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്വർണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും അസോസിയേഷൻ പ്രതികരിച്ചു.
സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു.
നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. കൊവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു. ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്.മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതെന്നും അസോസിയേഷൻ പ്രതികരിച്ചു.
സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു .
Story Highlight: gold merchants against cm pinarayi vijayan govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here