Advertisement

ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായി പ്രതിഷേധിക്കണം; ഫാസിസ്റ്റ് ആക്രമണമെന്ന് എ വിജയരാഘവന്‍

September 9, 2021
Google News 2 minutes Read
tripura cpm-bjp conflicts

ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ത്രിപുരയില്‍ നടക്കുന്നത് കടുത്ത ഫാസിസ്റ്റ് ആക്രമണമാണ്. അവിടെ അധികാരത്തിലില്ലെന്നുകരുതി സിപിഐഎമ്മിന്റെ വേരറുക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.tripura cpm-bjp conflicts

‘ത്രിപുരയില്‍ ബിജെപി നടത്തുന്ന ഭീകരമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിച്ച് മനുഷ്യത്വഹീനമായാണ് ത്രിപുരയില്‍ ബിജെപിയുടെ അക്രമവും തീവയ്പ്പും. മറ്റു പാര്‍ടികളേയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ് ആക്രമണം. ഇതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ് സിപിഐ എമ്മിനെതിരായ കിരാതമായ ആക്രമണം.

പാര്‍ടിയുടെ മുഖപത്രമായ ദേശര്‍കഥയ്ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി. മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ത്രിപുരയില്‍ നടത്തുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാക്കിയ സ്വതന്ത്ര മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വെറുതെവിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനോ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ല. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ത്രിപുര സര്‍ക്കാര്‍ തന്നെ കുഴപ്പത്തിലാണ്.

Read Also : ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരിക്ക്

ഈ ഘട്ടത്തില്‍ ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയും സിപിഐ എം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയില്‍ മുക്കി കൊല്ലാനാണ് ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണം. അധികാരത്തിലില്ലെന്ന് കരുതി ത്രിപുരയില്‍ സിപിഐ എമ്മിന്റെ വേരറുക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്. അക്രമം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി തിരിച്ചടിക്കാനുള്ള ശേഷി ത്രിപുരയിലെ പാര്‍ട്ടിക്കുണ്ട്.

അധികാരമുപയോഗിച്ച് എതിരാളികളെ നാമാവശേഷമാക്കാനുള്ള ആര്‍എസ്എസ്-ബിജെപിയുടെ ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ത്രിപുരയില്‍ നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസകള്‍ ശക്തമായി രംഗത്തുവരണം’. എ വിജയരാഘവന്‍ വ്യക്തമാക്കി.

Story Highlight: tripura cpm-bjp conflicts, a vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here