Advertisement

മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

September 16, 2021
Google News 2 minutes Read
cm pinarayi vijayan

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.cm pinarayi vijayan

കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നവരെ നേരിടാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ പങ്കെടുത്തു.

സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ നേരിടും. മതനിരപേക്ഷ പാരമ്പര്യവും മതസൗഹാര്‍ദവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഈ പൊതുസ്വഭാവം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പ്രത്യേക നിഷകര്‍ഷത ഉണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാരാണ് സമവായ ശ്രമങ്ങള്‍ നടത്തേണ്ടതെന്നും ചെവി കേള്‍ക്കാത്തവരെ പോലെ സര്‍ക്കാര്‍ അഭിനയിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കുറ്റപ്പെടുത്തി. പാലാ ബിഷപ്പിന്റെ പരാമര്‍ശം വിവാദമായതോടെയാണ് അനുനയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്.

കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പക്ഷേ സര്‍ക്കാര്‍ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷാ നിര്‍ഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.സമൂഹത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യന്‍ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചര്‍ച്ച നടത്തും.

Read Also : നാര്‍കോട്ടിക് ജിഹാദ് വിവാദം; ചങ്ങനാശേരി ബിഷപ്പില്‍ നിന്നുലഭിച്ചത് പോസിറ്റീവായ പ്രതികരണം; സമവായത്തിനല്ല എത്തിയതെന്ന് കെ സുധാകരന്‍

വര്‍ഗീയത ഉയര്‍ത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. വിവാദങ്ങളില്‍ സമവായത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ചെവി കേള്‍ക്കുന്നവന്‍ കേള്‍ക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിലെ അടിസ്ഥാന ഘടകം കോണ്‍ഗ്രസാണെന്ന് അവകാശപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ സുധാകരന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിക്കും. വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഒരു മണിക്കൂറോളമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും നടത്തി സമവായങ്ങളിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Story Highlights : cm pinarayi vijayan, narcotic jihad contraversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here