Advertisement

നാര്‍കോട്ടിക് ജിഹാദ് വിവാദം; ചങ്ങനാശേരി ബിഷപ്പില്‍ നിന്നുലഭിച്ചത് പോസിറ്റീവായ പ്രതികരണം; സമവായത്തിനല്ല എത്തിയതെന്ന് കെ സുധാകരന്‍

September 16, 2021
Google News 1 minute Read
k sudhakaran-narcotic jihad

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതോടെ അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.k sudhakaran-narcotic jihad

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പക്ഷേ സര്‍ക്കാര്‍ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷാ നിര്‍ഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.

സമൂഹത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യന്‍ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചര്‍ച്ച നടത്തും.

വര്‍ഗീയത ഉയര്‍ത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. വിവാദങ്ങളില്‍ സമവായത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ചെവി കേള്‍ക്കുന്നവന്‍ കേള്‍ക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിലെ അടിസ്ഥാന ഘടകം കോണ്‍ഗ്രസാണെന്ന് അവകാശപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ സുധാകരന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിക്കും.

വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ഒരു മണിക്കൂറോളമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും നടത്തി സമവായങ്ങളിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Read Also : നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്; ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

അതിനിടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സുരേഷ് ഗോപി എംപി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി വ്യക്തമാക്കി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ നേതൃത്വവുമായി വേണ്ടിവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

Story Highlight: k sudhakaran-narcotic jihad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here