ഡ്യുറൻഡ് കപ്പ്: അമ്പരപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം നെമിൽ; ഗോവയ്ക്ക് കൂറ്റൻ ജയം

ഡ്യുറൻഡ് കപ്പിൽ എഫ്സി ഗോവയ്ക്ക് കൂറ്റൻ ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായു അടുത്ത റൗണ്ടിലെത്തിയത്. സുദേവ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച ആർമി ഗ്രീൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ യോഗ്യത നേടി. (nemil durand goa jamshedpur)
ജംഷഡ്പൂരിനെ പൂർണമായും നിഷ്പ്രഭരാക്കിയാണ് ഗോവ വിജയം കുറിച്ചത്. മലയാളി യുവതാരം മുഹമ്മദ് നെമിലും ദേവേന്ദ്രയും ഗോവയ്ക്കായി ഇരട്ട ഗോളുകൾ നേടി. പ്രിൻസ്ടൺ റെബെല്ലോയാണ് ഗോവയുടെ അഞ്ചാം ഗോൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു നെമിലിൻ്റെ ഗോളുകൾ. 46ആം മിനിട്ടിൽ നൊഗുവേരയിൽ നിന്ന് പാസ് സ്വീകരിച്ച് വല കുലുക്കിയ താരം 82ആം മിനിട്ടിൽ രണ്ടാം ഗോൾ നേടി. ജംഷഡ്പൂർ താരങ്ങളെ ഒന്നൊന്നായി മറികടന്ന നെമിൽ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ തൻ്റെ രണ്ടാം ഗോളും ഗോവൻ ജയവും പൂർത്തിയാക്കുകയായിരുന്നു.
Read Also : ഡ്യുറൻഡ് കപ്പിലെ റഫറിയിങ് മോശം; പരാതിയുമായി ഗോവ പരിശീലകൻ
സുദേവ എഫ്സിക്കെതിരെ ഒരു ഗോൾ നേടിയ നെമിൽ ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ഡ്യുറൻഡ് കപ്പിൽ ആകെ 3 ഗോളുകൾ സ്കോർ ചെയ്തുകഴിഞ്ഞു. ഐഎസ്എലിലും മലയാളി താരം ഗോവയുടെ സുപ്രധാന കളിക്കാരൻ ആവുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഡ്യുറൻഡ് കപ്പിളെ റഫറിയിങിനെതിരെ പരാതിയുമായി ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോ. റഫറിയിങ് വളരെ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഫെറാൻഡോ കളിക്കാർക്ക് വേഗത്തിൽ പരുക്കേൽക്കുന്നു എന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കിൽ ഡ്യുറൻഡ് കപ്പിൽ കളിക്കാൻ ടീമുകൾ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുദേവ എഫ്സിക്കെതിരായ മത്സരത്തിൽ ഗോവയുടെ സ്പാനിഷ് താരം ജോർജ് ഓർട്ടിസിനു പരുക്കേറ്റിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവ പരിശീലകൻ രംഗത്തെത്തിയത്. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് മികച്ച താരങ്ങളെ കളത്തിലിറക്കിയത്. എന്നാൽ, കളിച്ച് പരുക്കേൽക്കുകയാണെങ്കിൽ ബുദ്ധിമുട്ടാവും. പിന്നീട് ഈ ടൂർണമെൻ്റ് കളിക്കാൻ ടീമുകൾക് മടിക്കും. കളിക്കാരെ സംരക്ഷിക്കൻ അവരൊന്നും ചെയ്യുന്നില്ല. മാത്രമല്ല, ഡ്യുറൻഡ് കപ്പിലെ റയറിയിങ് വളരെ മോശമാണ്. ഈ സാഹചര്യത്തിൽ, ഇത്തരം ടൂർണമെൻ്റുകൾ കളിക്കുന്നതിനെക്കാൾ നല്ലത് ഗോവയിൽ തന്നെ പ്രീസീസൺ നടത്തുകയായിരുന്നു എന്നും ഫെറാൻഡോ പറഞ്ഞു.
Story Highlights : muhammed nemil durand cup fc goa defeated jamshedpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here