പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണം; പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. plus one exam stay
സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പരീക്ഷയെഴുതുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്ന് കോടതിക്ക് മുന്നിലെത്തും. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഓഫ്‌ലൈന്‍ പരീക്ഷയെ എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ ഡിജിറ്റല്‍ വിഭജനത്തെ കുറിച്ചും പരാതി ഉന്നയിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എഴുപത് ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് ഓഫ്‌ലൈന്‍ പരീക്ഷ സ്റ്റേ ചെയ്തുകൊണ്ട് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.
Read Also : കാലിക്കറ്റ് സർവകലാശാലയിൽ തുടർ പഠനം വഴിമുട്ടി വിദ്യാർഥികൾ
ഏപ്രിലില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി നടത്തിയെന്നാണ് പരീക്ഷ നടത്താന്‍ അനുമതി ലഭിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന അവകാശവാദം. ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധയുണ്ടാകില്ലെന്ന രേഖാമൂലമുള്ള സര്‍ക്കാരിന്റെ ഉറപ്പ് സുപ്രിംകോടതി അംഗീകരിച്ചാല്‍ വഴിത്തിരിവാകും.
Story Highlights : plus one exam stay, supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here