ടി-20 ലോകകപ്പിനു മുൻപ് സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ

ടി-20 ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ. രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ ലോകകപ്പിനു മുൻപ് കളിക്കുക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ 20ന് ഓസ്ട്രേലിയക്കെതിരെയും സന്നാഹമത്സരത്തിൽ കളിക്കും. (india warm up matches)
കഴിഞ്ഞ മാസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ താക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
Read Also : കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണമെന്ന് ബാല്യകാല പരിശീലകൻ
അതേസമയം, ലോകകപ്പിനു ശേഷം വിരാട് കോലി ടി-20 ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസമാണ് താൻ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരമിക്കുമെന്ന് കോലി പ്രഖ്യാപിച്ചത്. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാവും വിരമിക്കൽ. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിരാട് പറയുന്നു. ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വർഷമായി നായകനെന്ന നിലയിൽ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നൽകണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യിൽ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.
ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്തു. ഒക്ടോബറിൽ നടക്കുന്ന ട്വന്റി-20 വേൾഡ് കപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടർമാർ ഉൾപ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവൻ പുറത്തെടുത്ത് ഇനിയും ഇന്ത്യൻ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേർത്തു.
Story Highlights : india warm up matches before t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here