പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്.
ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി കസേരയില്‍ എത്തുമ്പോള്‍ വലിയ പ്രത്യേകതകളാണ് ആ സ്ഥാനാരോഹണത്തിന് ഉള്ളത്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രിയാണ് ചന്നി. മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിക്കുമെന്ന് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിരോമണി അകാലി ദള്‍ വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി ദളിത് വിഭാഗത്തിന് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. പഞ്ചാബിന്റെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിനുള്ള കോണ്‍ഗ്രസിന്റെ മറുമരുന്ന് കൂടിയാണ്.
നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്തര്‍ സിംഗ് രണ്ധാതവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു.അതേസമയം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചരണ്‍ജിത് സിംഗ് ചന്നിയെ അലട്ടുക അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ള മി ടു ആരോപണമാണ്. 2018 ല്‍ ചരണ്‍ജിത് സിംഗ് ചന്നി സംസ്ഥാനത്തെ ഒരു വനിത ഐ.എ.എസ് ഓഫിസര്‍ക്ക് അനുചിതമായ ഒരു മെസേജ് അയച്ചു എന്നാണ് ആരോപണം. പക്ഷേ ഈ ഐ.എ.എസ് ഓഫിസര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.
ചരണ്‍ജിത് സിംഗിന് ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സുഖ്ജിന്തര്‍ സിംഗ്, ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവരില്‍ നിന്ന് രണ്ട് പേര്‍ ഉപമുഖ്യമന്ത്രിമാരാകും എന്നാണ് വിവരം. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ സര്‍ക്കാരിന്റെ കാലാവധി.
Story Highlights : Channi to take oath today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here