Advertisement

ഓണം ബമ്പർ അടിച്ചത് സെയ്തലവിക്കല്ല, മരട് സ്വദേശിക്ക്; ടിക്കറ്റ് ബാങ്കിന് കൈമാറി

September 20, 2021
Google News 2 minutes Read
onam bumper 2021 real winner

ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ‍. ( onam bumper 2021 real winner )

പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രം​ഗത്തെത്തിയിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടാണ് ജയപാലന്റെ കടന്നുവരവ്.

Read Also : ഓണം ബമ്പർ ലോട്ടറി ടിക്കറ്റിലൂടെ സർക്കാറിന് ലഭിക്കുന്നത് 22 കോടി

കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്ന് വില്‍പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.

300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.

രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

ഒന്നാം സമ്മാനം ലഭിച്ചാൽ വിജയിയുടെ കൈയിൽ എത്ര കിട്ടും ?

12 കോടി രൂപയിൽ നിന്ന് ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. ഏജൻസി കമ്മീഷൻ കഴിഞ്ഞ് ബാക്കിവരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.

1.20 കോടി രൂപ ഏജൻസി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോലും. ഇതു രണ്ടും കുറച്ച് ബാക്കി വരുന്ന 7 കോടിയോളം രൂപയാകും സമ്മാനാർഹന് ലഭിക്കുക.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

Story Highlights : onam bumper 2021 real winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here