ഇന്ത്യക്കെതിരെ കൂറ്റൻ ജയം; തുടരെ 25 ജയം കുറിച്ച് ഓസ്ട്രേലിയൻ വനിതാ ടീം

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ ജയം. 9 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകർത്തുകളഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടിയപ്പോൾ തകർത്തടിച്ച ഓസ്ട്രേലിയ 41 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 63 റൺസ് നേടിയ ക്യാപ്റ്റൻ മിതാലി രാജാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 4 വിക്കറ്റ് നേടിയ 18 വയസ്സുകാരി ഡാർസി ബ്രൗൺ ആണ് ഇന്ത്യയെ തകർത്തത്. ജയത്തോടെ ഏകദിനങ്ങളിൽ തുടർച്ചയായ 25 ജയങ്ങൾ എന്ന റെക്കോർഡും ഓസ്ട്രേലിയ സ്വന്തമാക്കി. (australia won india women)
വേഗത്തിലാണ് ഇന്ത്യൻ ഓപ്പണർമാർ സ്കോർ ചെയ്തത്. ആദ്യ വിക്കറ്റിൽ ഷഫാലി വർമ്മയും സ്മൃതി മന്ദനയും ചേർന്ന് 31 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി വർമ്മയാണ് (8) ആദ്യം പുറത്തായത്. ഏറെ വൈകാതെ മന്ദനയും (16) മടങ്ങി. മൂന്നാം വിക്കറ്റിൽ മിതാലി രാജും പുതുമുഖ താരം യസ്തിക ഭാട്ടിയയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ വളരെ സാവധാനത്തിലായിരുന്നു സ്കോറിംഗ്. ഇത് ഇന്ത്യക്ക് തിരിച്ചടിയായി. യസ്തിക (31) മടങ്ങിയതിനു പിന്നാലെ ദീപ്തി ശർമ്മ (9), പൂജ വസ്ട്രാക്കർ (17), സ്നേഹ് റാണ (2) എന്നിവർ വേഗം മടങ്ങി. ബാറ്റിംഗ് തകർച്ചക്കിടെ ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തിയ മിതാലി രാജ് (63) മടങ്ങിയതോടെ ഇന്ത്യ തകർന്നു. അവസാന ഓവറുകളിൽ റിച്ച ഘോഷും (32), ഝുലൻ ഗോസ്വാമിയും (20) ചേർന്നാണ് ഇന്ത്യയെ 200 കടത്തിയത്. ഡാർസി ബ്രൗൺ ഓസ്ട്രേലിയക്കായി 4 വിക്കറ്റ് വീഴ്ത്തി. ഡാർസിയാണ് മത്സരത്തിലെ താരം.
Read Also : ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു; സംഘത്തിൽ രണ്ട് പുതുമുഖങ്ങൾ
മറുപടി ബാറ്റിംഗിൽ ആധികാരികമായി ബാറ്റ് വീശിയ ഓസ്ട്രേലിയക്ക് ഒരിക്കൽ പോലും ഭീഷണിയാവാൻ ഇന്ത്യക്ക് സാധിച്ചില്ല. അലിസ ഹീലിയും റേച്ചൽ ഹെയിൻസും ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ 126 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഹീലിയെ (77) പൂനം യാദവാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ മെഗ് ലാനിംഗും റേച്ചൽ ഹെയിൻസും ചേർന്ന് അപരാജിതമായ 101 റൺസ് കൂട്ടുകെട്ടുയർത്തി ഓസീസിനെ വിജയിപ്പിക്കുകയായിരുന്നു. ഹെയിൻസ് (93), ലാനിംഗ് (53) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights : australia won against india women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here